ഉ.കൊറിയ- യു.എസ് വാക്‌പോര് ;പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉ.കൊറിയ
പ്യോങ്‌യാങ്/വാഷിങ്ടണ്‍: പരിഹാസങ്ങളും ആക്ഷേപങ്ങളുമായി പരസ്പരം കൊമ്പുകോര്‍ത്ത് യു.എസ്- ഉ.കൊറിയന്‍ നേതാക്കള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭ്രാന്തനായ വൃദ്ധനാണെന്നായിരുന്നു ഉ. കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ആക്ഷേപിച്ചത്. ഉടന്‍തന്നെ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. ഭ്രാന്തനായ ഉ. കൊറിയയുടെ നേതാവ് ഇതുവരെയില്ലാത്ത പരീക്ഷണത്തിനു വിധേയനാകേണ്ടി വരുമെന്നായിരുന്നു ട്രംപ് തിരിച്ചടിച്ചത്. അതിനിടെ, പസഫിക് സമുദ്രത്തില്‍ ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കുമെന്ന് ഉ. കൊറിയന്‍ വിദേശകാര്യ മന്ത്രിയും ഭീഷണി മുഴക്കിയിട്ടുണ്ട്.
ഉ. കൊറിയക്കെതിരേ ഉപരോധം ശക്തമാക്കാന്‍ അമേരിക്ക തീരുമാനിച്ചതിനോട് പ്രതികരിക്കുകയായിരുന്നു കിം ജോങ് ഉന്‍. ട്രംപ് മതിഭ്രമം ബാധിച്ച കിളവനാണെന്നും തങ്ങള്‍ക്കെതിരായ ഉപരോധത്തിനു വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഉന്‍ ആക്ഷേപിച്ചു. ഇതിനുപിന്നാലെയാണ് ട്രംപ് ട്വിറ്ററില്‍ തിരിച്ചടിച്ചത്. സ്വന്തം ജനങ്ങളെ പട്ടിണിക്കിടുന്നതും കൊലക്കുകൊടുക്കുന്നതും വിഷയമാക്കാത്ത ഭ്രാന്തനായ ഉ. കൊറിയയുടെ കിം ജോങ് ഉന്‍ മുന്‍പെങ്ങുമില്ലാത്ത പരീക്ഷണങ്ങള്‍ നേരിടേണ്ടിവരുമെന്ന് ട്രംപ് ട്വിറ്ററില്‍ വെല്ലുവിളിച്ചു. ഇതിനു പ്രതികരണമായാണ് ഉ. കൊറിയയുടെ വിദേശകാര്യ മന്ത്രി റി യോങ് ഹോ ഹൈഡ്രജന്‍ ബോംബ് മുന്നറിയിപ്പു നല്‍കിയത്. ന്യൂയോര്‍ക്കില്‍ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു റി യോങ്. തങ്ങള്‍ക്കെതിരായ ട്രംപിന്റെ വിമര്‍ശനങ്ങള്‍ പട്ടി കുരക്കുന്നതുപോലെയുണ്ടെന്നും പസഫിക് സമുദ്രത്തില്‍ ഏറ്റവും ശക്തിയേറിയ ഹൈഡ്രജന്‍ ബോംബ് പരീക്ഷിച്ച് തങ്ങള്‍ മറുപടി നല്‍കുമെന്നും റി യോങ് പറഞ്ഞു. കിം ജോങ് ഉന്‍ ആവശ്യപ്പെടുന്ന ഏതുതരം നടപടിക്കും തങ്ങള്‍ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു.
ഇരുരാജ്യങ്ങളുടെയും നേതൃത്വം വാക്‌പോര് തുടരുന്നതിനിടെ അനുനയശ്രമങ്ങളുമായി ചൈനയും റഷ്യയും രംഗത്തെത്തി. വാക്‌പോര് നടത്തി നിലവിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ് ഇരുരാജ്യങ്ങളും ചെയ്യുന്നതെന്ന് ചൈന കുറ്റപ്പെടുത്തി. പ്രകോപനങ്ങളില്‍നിന്ന് ഇരുരാജ്യങ്ങളും പിന്മാറണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലൂ കാങ് ആവശ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവും ഗൗരവതരവുമാകുന്നതില്‍ തങ്ങള്‍ ആശങ്കാകുലരാണെന്ന് റഷ്യന്‍ വിദേശകാര്യ വക്താവ് ദിമിത്രി പെസ്‌കോവ് പ്രതികരിച്ചു.
ഉ. കൊറിയക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള യു.എസ് നീക്കത്തിന് വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയിരുന്നു. ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ ഉ.കൊറിയയെ സഹായിക്കുന്ന സാമ്പത്തിക സ്രോതസുകള്‍ ഇല്ലാതാക്കുകയാണു പുതിയ നീക്കത്തിലൂടെ ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്.
ലോകരാജ്യങ്ങളുടെ സമ്മര്‍ദവും യു.എന്‍ ഉപരോധവും മറികടക്കാന്‍ ഉ. കൊറിയ ബിറ്റ്‌കോയിന്‍ അടക്കമുള്ള സൈബര്‍ കറന്‍സികള്‍ മോഷ്ടിക്കാന്‍ ശ്രമം നടത്തുന്നതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സര്‍ക്കാര്‍ പിന്തുണയോടെ ഹാക്കര്‍മാരാണ് ബിറ്റ്‌കോയിനുകളെ ലക്ഷ്യമിടുന്നതെന്നാണു വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."