ഷൂകമ്പനിയുടെ പേരില്‍ തട്ടിപ്പ്: പ്രതി അറസ്റ്റില്‍
തിരൂരങ്ങാടി: ഷൂകമ്പനിയുടെ കേരളത്തിലെ ഡീലര്‍ഷിപ്പ് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 85 ലക്ഷംരൂപ തട്ടിയെന്ന പരാതിയില്‍ മധ്യവയസ്കനെ പൊലിസ് അറസ്റ്റ് ചെയ്തു.
മലപ്പുറം ഊരകം ഹാജ്യാര്‍പള്ളി അത്തമാനകത്ത് അഫ്സല് ഹുസൈനെ(49)യാണ് തിരൂരങ്ങാടി സി.ഐ ബാബുരാജും സംഘവും അറസ്റ്റ് ചെയ്തത്. 85,38,500 രൂപവാങ്ങി കബളിപ്പിച്ചെന്ന് തേഞ്ഞിപ്പലം ചെനക്കലങ്ങാടി മാങ്ങാട്ട് മുഹമ്മദ് പരപ്പനങ്ങാടി കോടതിയില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം പൊലിസ് കേസെടുക്കുകയായിരുന്നു.
പ്രതിയുടെ മുന്‍പരിചയക്കാരനാണ് മുഹമ്മദ്. തനിക്ക് 'സ്റ്റാള്‍വാട്സ് ഷൂ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്' എന്ന കമ്പനിയുണ്ടെന്നും ഇതിന്റെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ഡീലറെ ആവശ്യമുണ്ടെന്നും പറഞ്ഞായിരുന്നു അഫ്സല്‍ഹുസൈന്‍ മുഹമ്മദിനെ സമീപിച്ചതത്രെ. പാലക്കാട് ഫാക്ടറി സ്ഥാപിക്കുമെന്നും വിശ്വസിപ്പിച്ചു. ഫാക്ടറി സ്ഥാപിക്കാനായി 2015 നവംബര്‍ 3 മുതല്‍ ഒരു വര്‍ഷത്തിനിടെ 26 തവണകളായി ബാങ്ക് അക്കൗണ്ട് വഴി 47,23,500 രൂപയും, പണമായി 38,15,000 നല്‍കിയെന്ന് മുഹമ്മദ് പരാതിയില്‍ പറയുന്നു.
അതിനിടെ മുഹമ്മദിനെ പ്രതി തമിഴ്നാട് അമ്പൂരിലുള്ള ഒരു ഷൂ ഫാക്ടറിയില്‍ കൊണ്ടുപോയി കമ്പനി തന്റേതെന്ന് പരിചയപ്പെടുത്തിയിരുന്നതായും പരാതിയില്‍ പറയുന്നുണ്ട്. ആരെയും വശീകരിക്കാന്‍ മാത്രം വാക്ചാതുരിയുള്ള ഇയാള്‍ ഷൂ കമ്പനിയുടെ പേരില്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ പലരില്‍നിന്നായി വന്‍തുക വാങ്ങിയതായും എറണാകുളം, കാഞ്ഞിരപ്പള്ളി, കോഴിക്കോട് മുക്കം എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസുകളുള്ളതായും പറയപ്പെടുന്നുണ്ട്. സി.ഐക്ക് പുറമെ എ.എസ്.ഐ വിജയന്, സി.പി.ഒമാരായ സി.സുരേഷ്, സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."