രക്തം സ്വീകരിച്ച ബാലികയ്ക്ക് എച്ച്.ഐ.വി ബാധ
കൊച്ചി: ആര്‍.സി.സിയില്‍ ചികിത്സയിലിരിക്കെ രക്തം സ്വീകരിച്ച ഒന്‍പതു വയസുകാരിക്ക് എച്ച്. ഐ.വി ബാധിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിവേണമെന്നാവശ്യപ്പെട്ട് പിതാവ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. ആര്‍.സി.സി അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലം മകളുടെ ജീവന്‍ തന്നെ അപകടത്തിലാണെന്നും കുട്ടിയുടെ തുടര്‍ ചികിത്സയ്ക്കും നഷ്ടപരിഹാരത്തിനും നടപടി വേണമെന്നും ഹരജിയില്‍ പറയുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്ന് രക്താര്‍ബുദ ചികിത്സയ്ക്കായി ആര്‍.സി.സിയിലേക്ക് എത്തിയപ്പോള്‍ നടത്തിയ രക്തപരിശോധനയില്‍ എച്ച്.ഐ.വി ബാധ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇവിടെ നിന്ന് രക്തം സ്വീകരിച്ചതിനെത്തുടര്‍ന്നാണ് രോഗം ബാധിച്ചത്.
ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണെന്നും സംഭവം അറിഞ്ഞയുടന്‍ മനുഷ്യാവകാശ കമ്മിഷനും ബാലാവകാശ കമ്മിഷനും അടിയന്തര നടപടിക്ക് നിര്‍ദേശം നല്‍കിയെങ്കിലും സര്‍ക്കാര്‍ ചില അന്വേഷണ സമിതികള്‍ക്ക് രൂപം നല്‍കിയതല്ലാതെ ഒരു നടപടിയും സ്വീകരിച്ചില്ല. സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് സര്‍ക്കാരിന് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ഡി.ജി.പിക്ക് നിര്‍ദേശം നല്‍കണമെന്നും കുട്ടിക്ക് ചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കാനും സംഭവത്തെക്കുറിച്ച് അന്വേഷിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."