എയ്ഡഡ് സ്കൂള്‍ അധ്യാപക പെന്ഷന് ലീവ്വേക്കന്സി സര്‍വിസും പരിഗണിക്കണം: ഹൈക്കോടതി
കൊച്ചി : എയ്ഡഡ് സ്കൂള്‍ അധ്യാപകരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ക്കായി ലീവ് വേക്കന്‍സിയിലും മറ്റുമായി താല്‍ക്കാലിക സേവനമനുഷ്ഠിച്ചതു പരിഗണിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാരിന്റെ ഉത്തരവിനെതിരേ അധ്യാപകരും പ്രൈവറ്റ് സ്കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്സ് അസോസിയേഷനും നല്കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ഹരജിക്കാരിലേറെയും ലീവ് വേക്കന്‍സിയില്‍ താല്‍ക്കാലിക ജോലി നോക്കിയ ശേഷം സര്‍വിസില്‍ സ്ഥിരമായവരാണെന്നും ഈ സേവനം റെഗുലര്‍ സര്വിസല്ലെന്നതിനാല് പെന്‍ഷനു പരിഗണിക്കാന്‍ പറ്റില്ലെന്നും ഹരജി പരിഗണിക്കവെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഹരജിക്കാരുടെ പെന്ഷന് ആനുകൂല്യങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പുനര്‍നിര്‍ണയിക്കണമെന്ന് സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കാരിന്റെ ഉത്തരവിന് മുന്‍കാല പ്രാബല്യം നല്‍കാനാവില്ലെന്നും വ്യക്തമാക്കി.
നിയമത്തെയും ചട്ടങ്ങളെയും മറികടക്കാന്‍ ഭരണപരമായ ഉത്തരവിലൂടെ കഴിയില്ല. ഭരണപരമായ ഉത്തരവുകള്‍ക്ക് മുന്‍കാല പ്രാബല്യം നല്കാനാവില്ലെന്നത് അംഗീകരിക്കപ്പെട്ട നിയമ തത്ത്വമാണെന്നും ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലീവ് വേക്കന്‍സിയിലും മറ്റുമായി താല്‍ക്കാലിക സര്‍വിസ് അനുഷ്ഠിച്ച കാലയളവ് (ബ്രോക്കണ്‍ സര്‍വിസ്) പെന്‍ഷനു പരിഗണിക്കില്ലെന്നും ഈ തീരുമാനത്തിന് മുന്‍കാല പ്രാബല്യമുണ്ടെന്നും വ്യക്തമാക്കി
2016 മേയ് ഒമ്പതിനും ഓഗസ്റ്റ് അഞ്ചിനുമായി സര്‍ക്കാര്‍ രണ്ട് ഉത്തരവിറക്കിയിരുന്നു. ഇതിനെയാണ് അധ്യാപകര്‍ ചോദ്യം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."