മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഭക്തിനിര്‍ഭരമായ തുടക്കം
തിരൂരങ്ങാടി: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ 179 ാമത് മമ്പുറം ആണ്ടുനേര്‍ച്ചക്കു കൊടിയേറി. കേരളീയ മുസ്‌ലിം സമൂഹത്തിന് ആത്മീയവും സാമൂഹികവുമായ നേതൃത്വം നല്‍കി, ജാതി മത ഭേദമന്യേ ആയിരങ്ങള്‍ക്ക് ആശ്വാസം പകര്‍ന്ന ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ സന്നിധിയിലേക്ക് ഇനിയൊരാഴ്ചക്കാലം തീര്‍ഥാടക പ്രവാഹം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്‌രി തങ്ങള്‍ കൊടികയറ്റം നടത്തിയതോടെയാണ് ആണ്ടുനേര്‍ച്ചക്ക് ഔദ്യോഗിക തുടക്കമായത്.
അസര്‍ നിസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ടസിയാറത്തിന് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. മമ്പുറം ഖത്തീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി, യു. ശാഫി ഹാജി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, സി. യൂസുഫ് ഫൈസി, ഡോ. യു.വി.കെ മുഹമ്മദ്, കെ.പി ശംസുദ്ദീന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മുന്നിയൂര്‍, എ.പി അബ്ദുല്‍ മജീദ് ഹാജി, എം. ഇബ്‌റാഹീം ഹാജി, പി.ടി അഹ്മദ്, കെ.എം അബ്ദു ഹാജി സംബന്ധിച്ചു. മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സദസിന് കോഴിക്കോട് ഖാസിയും മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീറുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കി. എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി കണ്ണന്തളി ആമുഖഭാഷണം നടത്തി. ഏഴുദിവസങ്ങളിലായി നടക്കുന്ന ആണ്ടുനേര്‍ച്ചയുടെ ഭാഗമായി മതപ്രഭാഷണ പരമ്പര, ദിക്‌റ് ദുആ സമ്മേളനം, മൗലിദ് പാരായണം, അനുസ്മരണം, അന്നദാനം, ഖത്മ് ദുആ തുടങ്ങി നിരവധി പരിപാടികള്‍ നടക്കും.
ഇന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. 24ന് ഞായറാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് പ്രഭാഷണം നിര്‍വഹിക്കും. 25ന് സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനവും സ്വാലിഹ് ഹുദവി തൂത പ്രഭാഷണവും നടത്തും. 26ന് ചൊവ്വാഴ്ച സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യുദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും.
27ന് ബുധനാഴ്ച പ്രാര്‍ഥനാ സദസും അനുസ്മരണവും നടക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ പ്രാര്‍ഥന നടത്തും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ സംസാരിക്കും. പ്രാര്‍ഥനാ സദസിന് വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. ചടങ്ങില്‍ ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളജില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും.
28ന് വ്യാഴാഴ്ച രാവിലെ 8.30 മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് നടക്കുന്ന മൗലിദ് ഖത്മ് ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചക്ക് സമാപ്തിയാകും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."