കാര്‍ണിവല്‍ ഇനി അഞ്ച് മാസം ഐ.എസ്.എല്‍ നാലാം സീസണ് കിക്കോഫ് നവംബര്‍ 17ന്
കൊച്ചി: കാല്പന്തുകളിയുടെ വസന്തം ഇന്ത്യന്‍ ഫുട്ബോളിന് തിരികെ നല്കിയ ഐ.എസ്.എല്ലിന്റെ നാലാം പതിപ്പിന് നവംബര്‍ 17 ന് തുടക്കമാകും.
കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന പോരാട്ടത്തില്‍ നിലവിലെ കിരീട ജേതാക്കളായ അമര്‍ തൊമര്‍ കൊല്‍ക്കത്തയും (എ.ടി.കെ) രണ്ടാം സ്ഥാനക്കാരായ കേരള ബ്ലാസ്റ്റേഴ്സും തമ്മില്‍ ഏറ്റുമുട്ടും. അണ്ടര്‍ 17 ലോകകപ്പിന് പിന്നാലെയാണ് സൂപ്പര്‍ ലീഗിന്റെ കിക്കോഫ്. റോബീ കിനും ദിമിത്രി ബെര്‍ബറ്റോവും ഇന്ത്യയുടെ കളിക്കളങ്ങളില്‍ സീസണ് പോരാട്ടത്തിന് തുടക്കം കുറിക്കുന്നു. നവാഗതരായി ജംഷഡ്പൂര്‍ എഫ്.സിയും ബംഗളൂരു എഫ്.സിയും വന്നതോടെ നാലാം പതിപ്പില്‍ ടീമുകളുടെ എണ്ണം 10 ആയി. നവംബര്‍ 17ന് തുടങ്ങുന്ന പോരാട്ടങ്ങളുടെ സീസണ് മാര്‍ച്ചില്‍ ആണ് അവസാനിക്കുന്നത്.
അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ എഫ്.സിയുടെ ആദ്യ മത്സരം 18ന് ഗുവാഹത്തിയില്‍ നോര്‍ത്ത്ഈസ്റ്റിനെതിരേ. ബംഗളൂരു എഫ്.സി 19ന് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ മുംബൈ എഫ്.സിക്കെതിരേ ആദ്യ അരങ്ങേറ്റം നടത്തും. കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മത്സരം നവംബര്‍ 24 ന് ആണ്. സ്റ്റിവ് കോപ്പല്‍ പരിശീലിപ്പിക്കുന്ന ജംഷഡ്പൂര്‍ എഫ്.സിയാണ് കൊച്ചിയിലെ ആദ്യ എതിരാളി.
ലീഗ് റൗണ്ടില്‍ ഹോം, എവേ പോരാട്ടങ്ങളിലായി 10 ടീമുകളും 90 മത്സരങ്ങളാണ് കളിക്കുന്നത്. ദ്വിപാദ സെമി ഫൈനലും ഫൈനലും നടക്കും. സെമി, ഫൈനല്‍ പോരാട്ടങ്ങളുടെ തിയതിയും വേദിയും പ്രഖ്യാപിച്ചിട്ടില്ല. ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഓരോ മത്സരങ്ങള്‍ നടക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മത്സരം ഉണ്ടായിരിക്കില്ല.
രാത്രി എട്ട് മുതലാണ് ഇത്തവണ മത്സരങ്ങള്‍ നിശ്ചയിച്ചിട്ടുള്ളത്. ഞായറാഴ്ചകളില്‍ രണ്ട് മത്സരങ്ങള്‍ നടക്കും. വൈകിട്ട് 5.30 നും രാത്രി എട്ടിനും. നാലാം പതിപ്പ് മുതല്‍ അന്തിമ ഇലവനില്‍ ഒരേ സമയം അഞ്ച് വിദേശ താരങ്ങളെ മാത്രമേ അനുവദിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."