ജുഡീഷ്യല്‍ സംവിധാനത്തെ അല്‍പ്പാല്‍പ്പമായി തകര്‍ക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: രാജ്യത്തെ ജുഡീഷ്യല്‍ സംവിധാനത്തെ അല്‍പ്പാല്‍പ്പമായി തകര്‍ക്കാനാണോ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സുപ്രിംകോടതി. ഹൈക്കോടതികളിലേക്ക് ജഡ്ജിമാരെ നിയമിച്ചുകൊണ്ട് കൊളീജിയം നല്‍കിയ ശുപാര്‍ശ ഇതുവരെ നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്.താക്കൂര്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് ചോദ്യമുന്നയിച്ചത്. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇക്കാര്യത്തില്‍ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും കൊളീജിയം സമര്‍പ്പിച്ച ഫയലുകള്‍ വിളിച്ചുവരുത്തേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. സ്ഥലംമാറ്റത്തിനും നിയമനത്തിനുമായി കൊളീജിയം 71 പേരുകള്‍ നല്‍കിയെങ്കിലും ഇതുവരെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. എന്തുകൊണ്ടാണ് ഇതെന്നറിയില്ല. എവിടെയാണ് ഈ ഫയല്‍ കുടുങ്ങിക്കിടക്കുന്നത്. ഇതു സംബന്ധിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ കോടതി ചോദിച്ചു.
എവിടെയാണ് അവിശ്വസമുള്ളത്. ഈ സാഹചര്യം അംഗീകരിക്കാനാവില്ല. ഹൈക്കോടതികളിലെ ഒഴിവ് 43 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. നാലു ദശലക്ഷം കേസുകള്‍ കോടതികളില്‍ കെട്ടിക്കിടക്കുന്നു. ഈ സംവിധാനം തന്നെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്. കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യം ഉന്നതതലത്തില്‍ ചര്‍ച്ച ചെയ്തു കോടതിയെ കാര്യങ്ങള്‍ അറിയിക്കാമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹ്തഗി മറുപടി നല്‍കിയെങ്കിലും കോടതി തൃപ്തരായില്ല. ഇങ്ങനെ പോയാല്‍ ജുഡീഷ്യറിക്ക് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ടി വരും. ഫയലുകള്‍ കോടതിക്ക് വിളിച്ചുവരുത്തേണ്ടി വരും. കൊളീജിയം നല്‍കിയ ശുപാര്‍ശയുടെ വലിയൊരു പട്ടിക തന്നെ തങ്ങളുടെ മുന്നിലുണ്ടെന്ന് കോടതി മുകുള്‍ റോഹ്തഗിയോടു പറഞ്ഞു. അതിന്റെ പകര്‍പ്പ് താങ്കള്‍ക്ക് തരാം. ചീഫ് ജസ്റ്റിസുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനത്തിനായുള്ള ശുപാര്‍ശയുണ്ടതില്‍. ഇത്രകാലമായിട്ടും അവര്‍ ഒന്നും ചെയ്തിട്ടില്ല. ചീഫ് ജസ്റ്റിസ് പറഞ്ഞു.
ജഡ്ജിമാരുടെ കുറവുകാരണം വിചാരണ പൂര്‍ത്തിയാവാതെ ആളുകള്‍ 13 വര്‍ഷമൊക്കെ ജയിലില്‍കഴിയേണ്ട സാഹചര്യമാണ് ഉണ്ടാകുന്നത്. അവര്‍ ജീവിതകാലം ജയിലില്‍ അനുഭവിച്ചു തീര്‍ക്കുംവരെ നിങ്ങള്‍ കാത്തിരിക്കുമോയെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തില്‍ വിവരങ്ങള്‍ അറിയിക്കാന്‍ തനിക്ക് അല്‍പംസമയം വേണമെന്ന അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
അത് അനുവദിച്ച കോടതി ഇക്കാര്യത്തില്‍ നോട്ടീസൊന്നും പുറപ്പെടുവിച്ചില്ല. ആവശ്യത്തിന് ജഡ്ജിമാരില്ലാത്തതിനാല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നുവെന്നും ആളുകള്‍ക്ക് നീതികിട്ടാന്‍ വൈകുന്നുവെന്നും ചൂണ്ടിക്കാട്ടി മുന്‍ സൈനികനാണ് കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."