ഊര്‍ജ വ്യവസായ മേഖലയിലെ ഏതു പ്രതിസന്ധിയും നേരിടാന്‍ ഖത്തര്‍ സജ്ജം
ദോഹ: ഊര്‍ജ വ്യവസായ മേഖലയിലെ എന്ത് അടിയന്തരസാഹചര്യങ്ങള്‍ നേരിടാനും ഖത്തര്‍ സജ്ജമാണെന്നും ഇതിനായുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും ഊര്‍ജ വ്യവസായ മന്ത്രി ഡോ.മുഹമ്മദ് ബിന്‍ സാലേഹ് അല്‍സദ പറഞ്ഞു.
ഏതു സാഹചര്യം നേരിടാനും ഖത്തര്‍ ഒരുക്കമാണ്. ഉന്നതലത്തിലുള്ള തയാറെടുപ്പുകള്‍ ഇതിനായി നടത്തിയിട്ടുണ്ട്. ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി ഖത്തര്‍ സംഘടിപ്പിച്ച സിമ്പോസിയത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
സഊദി സഖ്യരാജ്യങ്ങള്‍ നിയമവിരുദ്ധവും നീതിരഹിതവുമായ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു തടസവും കാലതാമസവും ഉണ്ടാകാതെ എണ്ണ, വാതക വിതരണം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാരുന്നു. വിതരണത്തില്‍ ഒരു തടസവുമുണ്ടായിട്ടില്ല.
ഖത്തറിന്റെ പ്രതികരണത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഉപരോധത്തെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലെ ഖത്തറിന്റെ തയാറെടുപ്പുകളുടെ പ്രതിഫലനം കൂടിയായി തടസങ്ങളില്ലാതെയുള്ള എണ്ണ, വാതകവിതരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ ഉപഭോക്താക്കള്‍ക്കും എണ്ണയും വാതകവും തടസങ്ങളില്ലാതെ എത്തിക്കാന്‍ ഖത്തറിന് കഴിഞ്ഞിരുന്നു.
എണ്ണ, വാതക ഇടപാടുകളില്‍ രാജ്യത്തിന്റെ വിശ്വാസ്യതയും സുരക്ഷിത ഊര്‍ജ വിതരണപങ്കാളിയെന്ന നിലയിലുള്ള ഖത്തറിന്റെ മികവും ഉന്നതിയുമാണ് ഇതിലൂടെ വ്യക്തമായത്.
കല്‍ക്കരിക്ക് പകരം 2030ഓടെ ആഗോളതലത്തില്‍ പരമ്പരാഗത ഊര്‍ജ സ്രോതസ്സായി പ്രകൃതി വാതകം മാറും. അതേസമയം എണ്ണയുടെ സ്ഥാനം മാറില്ല. എണ്ണ ഒന്നാം സ്ഥാനത്ത് തുടരും. പരിസ്ഥിതി സൗഹൃദ ഊര്‍ജ സ്രോതസ് എന്ന നിലയില്‍ പ്രകൃതി വാതകത്തിന്റെ ആവശ്യകത വര്‍ധിക്കുകയാണ്. ഖത്തറില്‍ പ്രതിവര്‍ഷം 77 മില്യന്‍ ക്യൂബിക് ടണ്‍ ദ്രവീകൃത പ്രകൃതി വാതകമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."