പാരിസ്ഥിതിക അനുമതി നല്‍കാനുള്ള ജില്ലാ കമ്മിറ്റികളിലെ നിയമനം കോടതി റദ്ദാക്കി
കല്‍പ്പറ്റ: ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി നല്‍കുന്നതിനുള്ള ജില്ലാതല കമ്മിറ്റികളിലെ നിയമനം റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചതായി ചെറുകിട കരിങ്കല്‍ ക്വാറി അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കമ്മിറ്റികളിലെ നിയമനം അനധികൃതമാണെന്ന് കോടതി കണ്ടെത്തിയതായും അവര്‍ അറിയിച്ചു.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ മറികടന്ന് ജില്ലാ കലക്ടര്‍ ചെയര്‍മാനായുള്ള ഡിസ്ട്രിക്റ്റ് ലെവല്‍ എന്‍വയണ്‍മെന്റ്ല്‍ ഇംപാക്റ്റ് അസസ്‌മെന്റ് കമ്മിറ്റി( ഡി.ഇ.ഐ.എ.എ), അപ്രൈസല്‍ കമ്മിറ്റികളിലാണ് യോഗ്യതയില്ലാത്തവരെ നിയമിച്ചതായി കാണിച്ച് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ബാബു ഹൈക്കോടതിയില്‍ 2016 ല്‍ ഹരജി നല്‍കിയത്. ഈ കേസിലാണ് കോടതി വിധിയുണ്ടായത്.
യോഗ്യതയില്ലാത്തവരെ നീക്കം ചെയ്യണമെന്നും ഇവരെ പങ്കെടുപ്പിച്ച് കമ്മിറ്റികളുടെ യോഗം ചേരാന്‍ പാടില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറയുന്നുണ്ട്.
കോഴിക്കോട് വയനാട് ജില്ലകള്‍ക്കാണ് കോടതി ഉത്തരവ് ബാധകമായത്.
മറ്റ് ജില്ലകളിലെയും കമ്മിറ്റികളില്‍ സമാനമായ നിയമനങ്ങളാണ് നടന്നിട്ടുള്ളതെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും എം.കെ ബാബു പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."