ശിശു ദിനാഘോഷം വിപുലമാക്കും; മത്സരങ്ങള്‍ ഒക്‌ടോബര്‍ 15 മുതല്‍
ആലപ്പുഴ: നവംബര്‍ 14 ലെ ശിശുദിനാഘോഷ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു.
ഇതോടനുബന്ധിച്ച് ഒക്‌ടോബര്‍ 15 മുതല്‍ 31 വരെ താലൂക്ക് തല മത്സരങ്ങള്‍ സംഘടിപ്പിക്കും. താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍ ചെയര്‍മാനും ശിശുക്ഷേമസമിതി എക്‌സിക്യൂട്ടീവ് അംഗം കണ്‍വീനറുമായി സ്വാഗതസംഘം രൂപീകരിക്കും.നവംബര്‍ ഒമ്പത്, 10 തീയതികളില്‍ ജില്ലാതല മത്സരങ്ങള്‍ സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ തല പ്രസംഗ മത്സരത്തില്‍ ഒന്നാംസ്ഥാനം നേടുന്ന വിദ്യാര്‍ഥിയെ കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കും. നവംബര്‍ 14ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിപുലമായ സാംസ്‌കാരിക ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിക്കും.
ദേശീയ ബാലചിത്രരചന മത്സരത്തിന്റെ ഭാഗമായി നവംബര്‍ 19ന് ജില്ലാതല മത്സരം നടത്തും. ജില്ലയിലെ അഞ്ചു മുതല്‍ 16 വയസുവരെയുള്ള കുട്ടികള്‍ക്കായി വിവിധ ഗ്രൂപ്പുകളായി മത്സരം നടത്തും. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി പ്രത്യേക മത്സരവും നടത്തും. സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ചൈല്‍ഡ് ഹെല്‍പ് ലൈനിന്റെ ജില്ലാ സമിതി അംഗങ്ങളായി സമിതി സെക്രട്ടറി അഡ്വ. ജലജ ചന്ദ്രന്‍, മിഥുന്‍ ഷാ, പി.എം ഷാജി എന്നിവരെ നിശ്ചയിച്ചു.
ചെങ്ങന്നൂരില്‍ ശൈശവവിവാഹം നടന്നുവെന്നതിന് ആധികാരികമായ വിവരം ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി യോഗത്തെ അറിയിച്ചു. യോഗത്തില്‍ ജോയിന്റ് സെക്രട്ടറി എന്‍. പവിത്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അഡ്വ. ജലജാ ചന്ദ്രന്‍, എ.ഡി.സി. ജനറല്‍ പ്രദീപ് കുമാര്‍, സമിതി അംഗങ്ങളായ കെ.പി. പ്രതാപന്‍, എ.എന്‍. പുരം ശിവകുമാര്‍, മോളി സുഗുണാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."