വര്‍ഗീയതക്കും ജാതീയതക്കുമെതിരേ പോരാട്ടം ശക്തമാക്കണം: ഡോ. കെ.എസ് ഭഗവാന്‍
കൂത്തുപറമ്പ്: വര്‍ഗീയതയും ജാതീയതയും അപകടകരമായ രീതിയില്‍ രാജ്യത്ത് വളര്‍ന്നു വരികയാണെന്നും ഇതിനെതിരേയുള്ള പോരാട്ടം ശക്തമാക്കേണ്ടിയിരിക്കുന്നുവെന്നും കന്നട സാഹിത്യകാരന്‍ ഡോ. കെ.എസ് ഭഗവാന്‍. കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ കണ്ണൂര്‍ സര്‍വകലാശാല യൂനിയന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ പോരാടേണ്ടത് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ യുവജനങ്ങളാണ്. ചോദ്യങ്ങള്‍ ചോദിക്കലാണ് അറിവിന്റെ തുടക്കം. ഇങ്ങനെ നിരന്തരമായി ചോദ്യങ്ങള്‍ ചോദിച്ച് ശാസ്ത്ര സത്യങ്ങള്‍ കണ്ടെത്തലാകണം വിദ്യാഭ്യാസത്തിലൂടെ നിര്‍വഹിക്കേണ്ടതെന്നും കെ.എസ് ഭഗവാന്‍ പറഞ്ഞു. സര്‍വകലാശാല യൂനിയന്‍ ചെയര്‍മാന്‍ സി.പി ഷിജു അധ്യക്ഷനായി. സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. ടി. അശോകന്‍ പ്രഭാഷണം നടത്തി. സിന്‍ഡിക്കേറ്റ് അംഗങ്ങളായ എം. പ്രകാശന്‍, പി. ഓമന, പത്മനാഭന്‍ കാവുമ്പായി, കെ.സി അനസ്, ശ്രീജിത്ത് രവീന്ദ്രന്‍, എം.എസ് അമല്‍ സംസാരിച്ചു. കോളജിനകത്ത് ചടങ്ങ് നടത്താന്‍ അധികൃതര്‍ അനുമതി നല്‍കാത്തതിനാല്‍ കോളജിന് പുറത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വേദിയൊരുക്കിയാണ് ഉദ്ഘാടനം നടത്തിയത്. കൂത്തുപറമ്പ് സി.ഐ ടി.വി പ്രദീഷിന്റെ നേതൃത്വത്തില്‍ കനത്ത പൊലിസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."