മുണ്ടൂര്‍ -ചെര്‍പ്പുളശ്ശേരി പാത തകര്‍ന്നു വാഹനയാത്ര ദുരിതത്തിലാകുന്നു
മുണ്ടൂര്‍: മുണ്ടൂര്‍ - പാലക്കാട് - ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ മുണ്ടൂര്‍ മുതല്‍ ചെര്‍പ്പുളശ്ശേരി വരെയുള്ള ഭാഗങ്ങളില്‍ മിക്കയിടത്തും റോഡുകള്‍ തകര്‍ന്നതോടെ വാഹനയാത്ര ദുരിതമാകുന്നു. കോങ്ങാട് കഴിഞ്ഞാല്‍ പിന്നെ മിക്കയിടത്തും തകര്‍ന്ന റോഡുകളാണ്.
കടമ്പഴിപ്പുറം മുതല്‍ മംഗലാംകുന്ന് വരെയുള്ള ഭാഗത്താണ് കൂടുതല്‍ വാഹനയാത്ര ദുരിതത്തിലായിരിക്കുന്നത്. കടമ്പഴിപ്പുറം മുതല്‍ തിരുവാഴിയോട് വരെയുള്ള 15 കിലോമീറ്റര്‍ ദുരത്തിലുള്ള റോഡിന്റെ റബ്ബറൈസിംഗ് പണികള്‍ അവശേഷിക്കുന്നതാണ് ഈ റോഡില്‍ വാഹനയാത്ര ദുഷ്‌കരമാക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ എം.എല്‍.എ. ഫണ്ടില്‍ നിന്നും റോഡു നവീകരണത്തിനായി 10 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്നു പറയുമ്പോഴും മാസങ്ങള്‍ കഴിഞ്ഞിട്ടും റോഡു പണി കടലാസിലൊതുങ്ങുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ കൂടി പെയ്തതോടെ മിക്ക സ്ഥലങ്ങളിലും ചെറിയ കുഴികള്‍ വന്‍ഗര്‍ത്തങ്ങളായി മാറിയിരിക്കുകയാണ്. മാത്രമല്ല കുഴികളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതുമൂലം ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍പ്പെട്ട് അപകടകളുണ്ടാകുന്നതും പതിവായിരിക്കുകയാണ്.
മാത്രമല്ല വാഹനങ്ങള്‍ ചെളിവെള്ളം നിറഞ്ഞ കുഴികളില്‍ ചാടി പോവുന്നതുമൂലം കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്നതും കാല്‍നടയാത്രക്കാരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കടമ്പഴിപ്പുറം രജിസ്ട്രാര്‍ ഓഫീസ്, പുഞ്ചപ്പാടം സ്‌കൂള്‍, നിലവിളിക്കുന്ന് എന്നിവിടങ്ങളിലാണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നത്. ഇതിനു പുറമെ വാട്ടര്‍ കണക്ഷനുവേണ്ടി ജലസേചനവകുപ്പ റോഡിനു കുറുകെ വെട്ടിപ്പൊളിച്ചതും ഇരുചക്ര വാഹനങ്ങള്‍ക്ക് ഭീഷണിയായിരിക്കുകയാണ്. എന്നാല്‍ ചിലയിടങ്ങളില്‍ കുഴികള്‍ താല്‍ക്കാലികമായി ഓട്ടയടപ്പു നടത്തുന്നുണ്ടെങ്കിലും ദിവസങ്ങള്‍ കഴിഞ്ഞതോടെ വീണ്ടും പഴയപടിയായിരിക്കുകയാണ്.
കടമ്പഴിപ്പുറം തിയേറ്റര്‍, ജൂനിയര്‍ ബേസിക് സ്‌കൂള്‍, ഗവ. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലും റോഡു തകര്‍ച്ച വിദ്യാര്‍ത്ഥികളെയും ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് കല്ലടിക്കോട്, മണ്ണാര്‍ക്കാട് വഴി പോകുന്നതിനേക്കാള്‍ 10 കിലോമീറ്റര്‍ കുറവാണെന്നതിനാല്‍ ചരക്കുവാഹനങ്ങളടക്കം മിക്ക വാഹനങ്ങളും മുണ്ടൂര്‍ - ചെര്‍പ്പുളശ്ശേരി പാതയിലൂടെയാണ് പോകുന്നതെന്നിരിക്കെ ഈ മേഖലയിലെ റോഡുകള്‍ തകര്‍ന്നത് വാഹനയാത്രയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
പൊതുവെ നിരവധി വളവുകളുള്ള മുണ്ടൂര്‍ - ചെര്‍പ്പുളശ്ശേരി പാതയില്‍ റോഡുകള്‍ തകര്‍ന്നതോടെ ചരക്കുവാഹനങ്ങളും സ്വകാര്യ ബസ്സുകളടക്കമുള്ള വാഹനയാത്ര ദുരിതമയമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."