ദേശീയപാതയിലെ കുഴിയടക്കല്‍; രാത്രിയില്‍ കല്ല് വിതറി അധികൃതര്‍ തടിയൂരി
കയ്പമംഗലം: ദേശീയപാത 17ല്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്ന കുഴികള്‍ ഉടന്‍ അടക്കാമെന്ന അധികൃതരുടെ ഉറപ്പ് പാഴ്‌വാക്കായി. ദേശീയപാതയില്‍ രൂപപ്പെട്ടിട്ടുള്ള കുഴികള്‍ അടക്കാന്‍ ശാശ്വത നടപടി സ്വീകരിക്കുന്നതിന് പകരം കഴിഞ്ഞ രാത്രിയില്‍ ജനങ്ങളെ ബോധിപ്പിക്കാനെന്ന വിധം റോഡില്‍ കല്ല് വിതറി അധികൃതര്‍ തടിയൂരി. ദേശീയപാതയില്‍ രൂപം കൊണ്ട കുഴികളില്‍ ചാടി വാഹനങ്ങള്‍ അപടത്തില്‍ പെടുന്നത് പതിവ് സംഭവമായപ്പോള്‍ നാട്ടുകാര്‍ ദേശീയപാത അധികൃതര്‍ക്ക് മുന്നില്‍ പലതവണ പരാതിപ്പെട്ടിരുന്നു.
പ്രശ്‌നത്തിന് പരിഹാരം കാണാത്ത അധികൃതരുടെ അനങ്ങാപ്പാറ നയത്തില്‍ പ്രതിഷേധിച്ച് ഒടുവില്‍ പഞ്ചായത്ത് അംഗങ്ങളും വ്യാപാരികളും ഓട്ടോടാക്‌സി തൊഴിലാളികളും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് രൂപീകരിച്ച ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണം നടത്തി നാഷണല്‍ ഹൈവേ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയിലെ ചിലയിടങ്ങളില്‍ നിന്ന് ബി.സി.ലെയര്‍ അടര്‍ന്നു പോയി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അത് പരിഹരിക്കുന്നതിനായി 64 ലക്ഷം രൂപയുടെ പ്രവര്‍ത്തികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ജനകീയ സമിതിയെ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
കരാറുകാരന്‍ പ്രവൃത്തി ഏറ്റെടുത്ത് ചെയ്യുന്നതിനായി എല്ലാ ക്രമീകരണങ്ങളും സീകരിച്ചിട്ടുണ്ടെന്നും അനുകൂല കാലാവസ്ഥയായാല്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് റോഡ് ഗതാഗത യോഗ്യമാക്കുമെന്നും അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി വലിയ കുഴികള്‍ വെറ്റ് മിക്‌സ് മക്കാഡം ഉപയോഗിച്ച് അടക്കുന്നതിന് കരാറുകാരന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും 22നു തന്നെ ഇത് പൂര്‍ത്തീകരിക്കുമെന്നും ജനകീയ സമിതിക്ക് എക്‌സി.എന്‍ജീനീയര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ജനകീയ സമിതിക്ക് നല്‍കിയ വാക്ക് പാലിക്കാതെ കുഴികളുള്ള ഭാഗത്ത് രാത്രിയില്‍ വെറുതെ കല്ല് വിതറി അധികൃതര്‍ തടി തപ്പുകയായിരുന്നു.
അധികൃതര്‍ റോഡില്‍ ഇട്ടിട്ടുള്ള കല്ലുകള്‍ കൂടുതല്‍ അപകടങ്ങള്‍ക്ക് കാരണമാകും എന്നല്ലാതെ യാതൊരു നേട്ടവും ഉണ്ടാകില്ലെന്ന് ജനകീയ സമിതി ഭാരവാഹികള്‍ ആരോപിച്ചു. അതിനാല്‍ റോഡില്‍ വിതറിയ കല്ലുകള്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ എടുത്തു മാറ്റി.
ഇനി രാത്രിയിലുള്ള അറ്റകുറ്റ പണികള്‍ അനുവദിക്കില്ലെന്നും ദേശീയപാതയിലെ കുഴികളടച്ച് ഗതാഗത ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറായില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ജനകീയ സമിതിയംഗങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."