യന്ത്രസാമഗ്രികള്‍ പദ്ധതി പ്രദേശത്ത് എത്തിക്കാന്‍ നടപടി തുടങ്ങി
മട്ടന്നൂര്‍: അഴീക്കല്‍ തുറുമുഖത്ത് കപ്പല്‍ മാര്‍ഗം എത്തിച്ച കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള യന്ത്രസാമഗ്രികള്‍ രണ്ടു ദിവസത്തിനകം പദ്ധതി പ്രദേശത്ത് എത്തിക്കും. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെയും കെ.എസ്.ഇ.ബി യുടെയും പൊലിസിന്റെയും അനുമതി വാങ്ങേണ്ടതുണ്ട്. അഴീക്കലില്‍ നിന്ന് കണ്ടെയ്‌നര്‍ ലോറിയില്‍ രാത്രി മാത്രമേ ഇവ റോഡ് മാര്‍ഗം എത്തിക്കാന്‍ കഴിയൂ. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് ടെര്‍മിനലിലേക്ക് പോകാനുള്ള എയ്‌റോബ്രിഡ്ജിന്റെ 66 അടി നീളവും 35 ടണ്‍ വീതം ഭാരവുമുള്ള മൂന്നു ഭാഗങ്ങളാണ് അഴീക്കലില്‍ കപ്പല്‍ മാര്‍ഗം എത്തിച്ചത്. കണ്ടെയനര്‍ ലോറിക്ക് പദ്ധതി പ്രദേശത്ത് കടക്കാന്‍ ആവശ്യമായ പ്രവൃത്തി രണ്ടു ദിവസമായി നടത്തി വരികയാണ്. മട്ടന്നൂര്‍-അഞ്ചരക്കണ്ടി റോഡിലെ മരങ്ങളുടെ ശിഖരങ്ങള്‍ ഇന്നു മുറിച്ചുമാറ്റും. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രവൃത്തി പരിശോധിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. റണ്‍വേയുടെ നീളം 4000 മീറ്ററാക്കി ഉയര്‍ത്താന്‍ ആവശ്യമായ ഭൂമി ഉടന്‍ ഏറ്റെടുക്കും. വിമാനത്താവളത്തിന്റെ 80 ശതമാനം പ്രവൃത്തി പൂര്‍ത്തിയായതായി കഴിഞ്ഞദിവസം കിയാല്‍ എം.ഡി തുളസീദാസ് അറിയിച്ചിരുന്നു. അടുത്ത വര്‍ഷം മെയ് മാസത്തോടെ സര്‍വിസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."