ജോലി സുരക്ഷ: ടെക്‌നോപാര്‍ക്കില്‍ ട്രേഡ് യൂനിയനുകള്‍ രൂപീകരിക്കുവാനുള്ള നീക്കം പുരോഗമിക്കുന്നു
കഠിനംകുളം: ജോലിയിലെ ചൂഷണം ചെയ്യലും പിരിച്ച് വിടലും വ്യാപകമായതോടെ ടെക്‌നോപാര്‍ക്കിലെ ടെക്കികളും ട്രേഡ് യൂനിയനുകള്‍ രൂപീകരിക്കാനുള്ള ശ്രമം ആരംഭിച്ചു.
എന്നാല്‍ ഇത് മണത്തറിഞ്ഞ കമ്പനി അധികൃതരും മറ്റും ഇതിനെ തടയിടാനുള്ള നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സി.ഐ.ടി.യു, ഐന്‍.എന്‍.ടി.യു.സിവിന്റെ സഹായത്തോടെ യൂനിയനുകള്‍ ആരംഭിക്കുവാനുള്ള ടെക്കികളുടെ അണിയറ നീക്കങ്ങളാണ് പുരോഗമിക്കുന്നത്.
ബംഗ്‌ളുരു ഐ.ടി പാര്‍ക്കില്‍ സമാനമായ സംഭവങ്ങള്‍ ആരംഭിച്ചതോടെ നേരത്തെ തന്നെ ടെക്കികള്‍ ട്രേഡ് യൂനിയനുകള്‍ ആരംഭിച്ചിരുന്നു. ഇതിനെ പിന്തുടര്‍ന്ന് കൊണ്ടാണ് ടെക്‌നോപാര്‍ക്കിലും ട്രേഡ് യൂനിയന്‍ രൂപീകരിക്കാനുള്ള നീക്കങ്ങള്‍ ഇവര്‍ ആരംഭിച്ചിട്ടുള്ളത്.
വമ്പന്‍ കമ്പനികള്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ കമ്പനികളെ ഏറ്റെടുത്ത് തുടങ്ങിയതോടെയാണ് അനാവശ്യമായ പിരിച്ച് വിടലും ജോലിയിലെ ചൂഷണവും ആരംഭിച്ചത്. പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയ്ത ഐ.ടി പ്രെഫഷനലുകളെ പോലും പിരിച്ച് വിടുന്ന ഒരവസ്ഥയാണ് പാര്‍ക്കില്‍ കാണാന്‍ കഴിയുന്നത്. നൂറ് കണക്കിന് പേര്‍ നിലവില്‍ പിരിച്ചുവിടല്‍ ഭീഷണിയിലാണ്. ഇതിനെ എങ്ങനെ അതിജീവിക്കും എന്ന കണക്ക് കൂട്ടലിലാണ് ഈ പ്രൊഫഷനലുകളെല്ലാം. ആഗോളാടിസ്ഥാനത്തില്‍ ഐ.ടി ജീവനക്കാരെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പല അന്തര്‍ദേശീയ കമ്പനികളും ജീവനക്കാരെ പുറത്താക്കി കൊണ്ടിരിക്കുന്നത്.
നിലവില്‍ ടെക്‌നോപാര്‍ക്കിനുള്ളില്‍ ചെറു കമ്പനികള്‍ ലാഭം കൂട്ടുന്നതിലേക്ക് പത്തും പതിനഞ്ചും വര്‍ഷം പ്രവൃത്തി പരിജയമുള്ള ജീവനക്കാരെ പുറത്താക്കി കൊണ്ട് തുടക്കക്കാരെ നിയമിക്കുന്നുണ്ട്.
ടെക്‌നോപാര്‍ക്കിന്റെ മൂന്നാം ഘട്ടത്തില്‍ ഇതേ പോലെ നിരവധി പേരേയാണ് വിവിധ ചെറു കമ്പനികള്‍ പിരിച്ചുവിട്ടത്. അവകാശം നിഷേധിക്കുക, അവധികള്‍ വെട്ടികുറച്ച് ഭീഷണിപ്പെടുത്തി കൂടുതല്‍ സമയം ജോലിയെടുപ്പിക്കുക, ആനുകൂല്യങ്ങള്‍ നല്‍കാതിരിക്കുക തുടങ്ങിയ തൊഴില്‍ ചൂഷണങ്ങള്‍ പാര്‍ക്കിനുള്ളിലെ ഒട്ടുമിക്ക കമ്പനികളിലും പതിവാണെന്നാണ് ജീവനക്കാര്‍ ആരോപിക്കുന്നത്.
അടിയന്തിര കാരണത്താല്‍ അവധിയെടുത്ത് തിരിച്ച് ജോലിക്കെത്തുന്നവരേ പോലും നാളെ മുതല്‍ വരണമില്ലെന്ന് പറയുന്ന കമ്പനികളാണ് പലതും.
ഇതിനെയെല്ലാം മുന്നില്‍ കണ്ട് കൊണ്ടാണ് ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ ട്രേഡ് യൂനിയനുണ്ടാക്കാന്‍ രംഗത്തെത്തിയിരിക്കുന്നത്. ഇതിനായി സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി ഉള്‍പ്പെടെ നിരവധി ട്രേഡ് യൂനിയനുകളെ ജീവനക്കാരുടെ സംഘം സമീപിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."