തീവ്രയജ്ഞ പരിപാടി ഒക്ടോബര്‍ ആദ്യം
കൊല്ലം: ജില്ലയിലെ ഒമ്പതു മാസം മുതല്‍ പതിനഞ്ചു വയസു വരെയുള്ള എല്ലാ കുട്ടികള്‍ക്കുമായി മീസില്‍സ് (അഞ്ചാം പനി), റൂബെല്ല രോഗങ്ങള്‍ക്കെതിരേ പ്രതിരോധകുത്തിവെപ്പ് നല്‍കാന്‍ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും തയ്യാറെടുക്കുന്നു.
കുട്ടികളിലെ രോഗാതുരയ്ക്കും മരണത്തിനും വരെ കാരണമാകുന്ന മീസില്‍സ് (അഞ്ചാംപനി) നിര്‍മാര്‍ജനം ചെയ്യുന്നതിനും കുട്ടികളില്‍ പലവിധ വൈകല്യങ്ങള്‍ക്കും, ഗുരുതരരോഗങ്ങള്‍ക്കും ഇടയാകുന്ന റൂബെല്ല രോഗം നിയന്ത്രിക്കുന്നതിനും വേണ്ടിയാണ് ഈ ഊര്‍ജ്ജിത പ്രതിരോധകുത്തിവെപ്പ് ക്യാംപയിന്‍ സംഘടിപ്പിക്കുന്നത്. ഈ രണ്ട് രോഗങ്ങള്‍ക്കെതിരേ ഏറെ വര്‍ഷങ്ങളായി പ്രചാരത്തിലുള്ളതും സുരക്ഷിതവുമായ വാക്‌സിന്‍ ഒരൊറ്റ ഡോസായി, ഒരു കുത്തിവെപ്പിലൂടെ ഈ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ള എല്ലാ കുട്ടികള്‍ക്കും നല്‍കി 2020ഓടു കൂടി ഈ രോഗങ്ങളെ ഇല്ലാതാക്കുകയാണ് കാംപയിന്റെ ലക്ഷ്യം.
ഒക്ടോബര്‍ മൂന്നിന് കാംപയിന്‍ ആരംഭിക്കും. കുട്ടികളില്‍ ന്യൂമോണിയ, തലച്ചോറിലെ അണുബാധ, കാഴ്ചക്കുറവ് എന്നിവയ്ക്ക് കാരണമാകാവുന്നതും മരണം വരെ സംഭവിക്കുവാനിടയുള്ളതുമായ വളരെയെളുപ്പം പകരുന്ന ഒരു രോഗമാണ് മീസല്‍സ് അഥവാ അഞ്ചാംപനി.
നിലവില്‍ കുട്ടികള്‍ക്ക് ഒന്‍പതാം മാസത്തിലും ഒന്നര വയസിലും ഇതിനെതിരായ പ്രതിരോധ കുത്തിവെപ്പ് നല്‍കിവരുന്നുണ്ട്. പൊതുവെ നിരുപദ്രവകാരിയായ ഒരു രോഗമാണ് റുബെല്ല അഥവാ ജര്‍മന്‍ മീസില്‍സ്.
എന്നാല്‍ ഗര്‍ഭിണികളെ ബാധിക്കുമ്പോള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മരണത്തിനോ, ജനിക്കുന്ന കുട്ടികള്‍ ഗുരുതരമായ ജനവൈകല്യങ്ങള്‍ക്കോ ഹൃദയസംബന്ധമായ തകരാറിനോ, കേള്‍വിക്കുറവ്, കാഴ്ചക്കുറവ് തുടങ്ങിയവയ്‌ക്കോ ഇടയാക്കുന്ന രോഗമാണിത്.ഈ രോഗങ്ങള്‍ക്കെതിരേയുള്ള വാക്‌സിന്‍ സ്വീകരിക്കുന്ന വ്യക്തിക്ക് രോഗത്തില്‍ നിന്ന് പ്രതിരോധം ലഭിക്കുമെങ്കിലും ഈ രോഗങ്ങളെ നിര്‍മാര്‍ജ്ജനം ചെയ്യണമെങ്കില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ള എല്ലവര്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നത്.
വസൂരി രോഗത്തെയും പോളിയോ രോഗത്തെയും ഊര്‍ജ്ജിത പ്രതിരോധ പരിപാടിയിലൂടെ നിര്‍മാര്‍ജ്ജനം ചെയ്ത ശേഷം നടപ്പിലാക്കുന്ന പ്രധാനപ്പെട്ട പൊതുജനാരോഗ്യയജ്ഞമാണ് മീസില്‍സ് റൂബെല്ല കാംപയിന്‍. ഇതു സംബന്ധിച്ച് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ആരോഗ്യവകുപ്പിലെയും വിദ്യാഭ്യാസ വകുപ്പിലെയും ജില്ലാതല ഉദ്യോഗസ്ഥര്‍ക്കുമുള്ള ശില്‍പശാലകള്‍ പൂര്‍ത്തിയാക്കി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും നോഡല്‍ ഓഫിസര്‍മാര്‍ക്കും പി.ടി.എ അംഗങ്ങള്‍ക്കുമുള്ള പരിശീലനപരിപാടികള്‍ നടന്നുവരുന്നു.
ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ക്ക് പുറമെ ഐ.എം.എ, ഐ.എ.പി എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാരും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്.
പ്രതിരോഘകുത്തിവെപ്പ് നടത്തുന്ന സ്‌കൂളുകളില്‍ ഡോക്ടറുടെ സാന്നിധ്യം ഉറപ്പ് വരുത്തും. ജില്ലയില്‍ 6,34,341 കുട്ടികള്‍ക്കാണ് കാമ്പയിന്റെ ഭാഗമായി പ്രതിരോധകിത്തിവെപ്പ് നല്‍കേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."