കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം: നടന്നത് 'അതിരുവിട്ട' ചര്‍ച്ച
കോഴിക്കോട്: ശ്രദ്ധ ക്ഷണിക്കലും അജന്‍ഡ അംഗീകരിക്കലും പ്രമേയങ്ങളുമായി നഗരത്തിലെ പ്രശ്‌നങ്ങള്‍ക്ക് ഒരു മണിക്കൂര്‍ നീക്കിവച്ച കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗം ഒന്നര മണിക്കൂര്‍ ചര്‍ച്ച ചെയ്തത് സംസ്ഥാന ദേശീയ പ്രശ്‌നങ്ങള്‍.
കഴിഞ്ഞ ദിസവം നടന്ന കൗണ്‍സില്‍ യോഗമാണ് സര്‍ക്കാരിന്റെ മദ്യനയവും ഇന്ധന വിലവര്‍ധനവും മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകം സംബന്ധിച്ച ചര്‍ച്ചകളും വാദപ്രതിവാദങ്ങളും കൊണ്ട് മുഖരിതമായത്. ഇന്ധന വിലവര്‍ധനവ് സംബന്ധിച്ച് ഇടതുപക്ഷ കൗണ്‍സിലറാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാല്‍ തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ എത്രത്തോളം പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമേയങ്ങള്‍ അവതരിപ്പിക്കുന്നതെന്നതിനുള്ള സൂചനയായി. ജി.എസ്.ടിയുടെ 28ശതമാനമുള്ള നികുതി പരിധിയില്‍ പെട്രോളിനെയും ഡീസലിനെയും ഉള്‍പ്പെടുത്തണമെന്ന ഭേദഗതി കൗണ്‍സിലര്‍ പി. കിഷന്‍ചന്ദ് കൊണ്ടുവന്നു. എന്നാല്‍ ഈ ഭേദഗതി അംഗീകരിക്കുകയില്ലെന്ന് പ്രമേയം അനുവദിച്ച കൗണ്‍സിലര്‍ ഉടന്‍ മറുപടി പറഞ്ഞെങ്കിലും മറ്റു ഇടത് കൗണ്‍സിലര്‍മാര്‍ കണ്ണുരുട്ടിയപ്പോള്‍ അദ്ദേഹം തിരുത്തുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ അനുവാദത്തോടുകൂടി ഭേദഗതി അംഗീകരിച്ചു. മദ്യനയത്തിന്റെ പേരിലായിരുന്നു അടുത്ത ചര്‍ച്ച. യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും മദ്യനയങ്ങളും ആന്റണിയുടെ ചാരായ നിരോധനവും ചര്‍ച്ച ചെയ്ത് ഒടുവില്‍ കര്‍ണാടകയിലും പഞ്ചാബിലും ഡല്‍ഹിയിലും ചെന്നെത്തിയാണ് വാദപ്രതിവാദം അവസാനിച്ചത്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിക്കുന്നതിനുള്ള അവസരത്തെ ചൊല്ലിയും ചര്‍ച്ചയുണ്ടായി. താനാണ് ആദ്യം പ്രമേയത്തിന് അനുമതി ചോദിച്ചതെന്ന് കൗണ്‍സിലര്‍ കെ. ബീരാന്‍കോയ പറഞ്ഞു. എന്നാല്‍ എം. സലീനയാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. യോഗത്തിന്റെ തുടക്കത്തില്‍ നടന്ന ശ്രദ്ധക്ഷണിക്കലില്‍ സെയ്ത് മുഹമ്മദ് ഷമീല്‍, കെ. ബീരാന്‍കോയ, വി. റഹിയ, പി. അനിത, മുല്ലവീട്ടില്‍ മൊയ്തീന്‍, കെ.എം റഫീഖ് തുടങ്ങിയവര്‍ പങ്കെടുത്തു. അഡ്വ. പി.എം സുരേഷ്ബാബു, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. പി.എം നിയാസ്, വിദ്യാബാലകൃഷ്ണന്‍, സി. അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."