കൃതികളുടെ രക്ഷാദൗത്യവും വ്യാഖ്യാനങ്ങളുടെ സംഹാരശേഷിയും
ഒന്നര നൂറ്റാണ്ടുമുന്‍പ്, 1867 സെപ്റ്റംബര്‍ പതിനാലിനാണ്, കാറല്‍ മാര്‍ക്‌സ് Das Kapital പ്രസിദ്ധപ്പെടുത്തുന്നത്. അതിന്റെ രണ്ടു ദശകം മുന്‍പേ സുഹൃത്ത് ഫ്രെഡറിക് എംഗല്‍സുമായി ചേര്‍ന്ന് അദ്ദേഹം കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധപ്പെടുത്തിയിരുന്നു. ഉറ്റചങ്ങാതിയുടെ പുതിയ കൃതി പുറത്തുവന്നപ്പോള്‍ എംഗല്‍സ് അതിനെ തൊഴിലാളി വര്‍ഗത്തിന്റെ ബൈബിള്‍ എന്നു വിളിച്ചു. ലോകത്തെ മറ്റു മതങ്ങള്‍ കണക്കെ ദാസ് കാപിറ്റലും വിശുദ്ധവേദമാകുന്നതും കമ്യൂണിസം ഒരു മതം കണക്കെ ദൂരവ്യാപകമായി വളരുന്നതും, മാനവികതയുടെ വികലമായിക്കിടന്ന മുഖം ഒരു സൗന്ദര്യവര്‍ധക ശസ്ത്രക്രിയ കൊണ്ടു വീണ്ടെടുത്ത മാര്‍ക്‌സ് പ്രവാചകതുല്യം ആദരിക്കപ്പെടുന്നതും മനുഷ്യചരിത്രത്തില്‍ നാം കാണുന്നു.
ലോകത്ത് പല ദേശങ്ങളിലും മാര്‍ക്‌സിസം വിപ്ലവത്തിലൂടെ അധികാരത്തിലേക്കെത്തിയപ്പോള്‍ കേരളം അതിന്റെ മറ്റൊരു വഴി ലോകത്തിനു പരിചയപ്പെടുത്തി. ജനാധിപത്യത്തിലൂടെ കമ്യൂണിസ്റ്റുകള്‍ അധികാരം കൊയ്ത നാടായി കേരളം. മലയാളികളുടെ വീക്ഷണത്തെയും ചിന്തയെയും അവയുടെ ഗതിയെയും സൗന്ദര്യബോധത്തെയും സംസ്‌കാരത്തെയും അവയുടെ കലാരൂപങ്ങളെയും സമ്പദ് വ്യവസ്ഥയെയും സാമൂഹികബന്ധങ്ങളെയും, രാഷ്ട്രീയ സാമൂഹിക ജീവിതത്തെ മുച്ചൂടും തിട്ടപ്പെടുത്തിയ അളവുകോലു കണക്കെ ഇടതു പ്രത്യയശാസ്ത്രം കേരളത്തെ ബാധിച്ചു.
മഹത്തായ ആശയങ്ങള്‍ ലോകരക്ഷാര്‍ഥം ഉദയം ചെയ്യുന്നു. അതുപോലെ അവ അതിന്റെ വ്യാഖ്യാതാക്കളുടെ കൈകളാല്‍ ദുര്‍വ്യാഖ്യാനങ്ങളുടെ സംഹാരശേഷി നേടുന്നതും നമ്മള്‍ ചരിത്രത്തിലും വര്‍ത്തമാനകാലത്തും വായിക്കുന്നു. മതങ്ങള്‍ക്കും തത്ത്വസംഹിതകള്‍ക്കും ഇതില്‍നിന്നൊരു മോചനമില്ല. ദുഷ്ടലാക്കും പ്രതികാരവായ്പും ആകണമെന്നില്ല, ആദര്‍ശനിഷ്ഠയായും പ്രത്യയശാസ്ത്രത്തോടു തങ്ങള്‍ക്കുള്ള വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യമോ പ്രതിബദ്ധതയോ ആയും അവയുടെ വക്താക്കള്‍ കരുതുന്ന പിടിവാശികള്‍ കൊണ്ട്, ചിലപ്പോള്‍ തങ്ങള്‍ വിമോചിപ്പിക്കേണ്ട ജനതയോടുള്ള സ്‌നേഹവായ്പ് കൊണ്ടുതന്നെ ഇതു സംഭവിക്കുന്നു. വിമോചനത്തിന്റെ ഇരകള്‍ അങ്ങനെയുണ്ടാകുന്നു.
തുടര്‍ന്നു വായിക്കുക:
''...കുട്ടനാടന്‍ പാടങ്ങള്‍...കുട്ടനാട്ടില്‍ നീണ്ടുനിവര്‍ന്നു കിടന്ന പച്ചപ്പരവതാനികള്‍ മുരിക്കന്‍ നിര്‍മിതമായിരുന്നു. മുരിക്കന്‍ എന്നാല്‍ മുരിക്കന്‍ ഔത. അഥവാ, മുരിക്കും മൂട്ടില്‍ ഔത്തമന്‍. അഥവാ ജോസഫ് മുരിക്കന്‍ എന്ന കര്‍ഷകന്‍. സിറിയന്‍ കത്തോലിക്കാ വിശ്വാസി. കഠിനാധ്വാനി, ഒറ്റയാന്‍ പ്രസ്ഥാനം. പരന്നുപരന്നു കടല്‍പോലെ ചക്രവാളം തൊട്ടുകിടന്ന വേമ്പനാട്ടു കായലിന്റെ ഓളങ്ങളില്‍ മുങ്ങിയും പൊങ്ങിയും വളര്‍ന്ന ഔതക്ക് ഒരുനാള്‍ ഒരു വെളിപാടുണ്ടായി. ഈ വെള്ളത്തിനടിയില്‍ മണ്ണല്ലേ. മണ്ണു കൃഷിക്കുള്ളതല്ലേ. കായലില്‍ നെല്ലു വിളയിക്കരുതോ. പാവം ഔതക്ക് പിരാന്തിളകിയെന്നു നാട്ടുകാര്‍ പറഞ്ഞു വിലപിച്ചു. ഔത വിട്ടില്ല. അഭ്യസ്ഥവിദ്യരുടെ സഹായത്തോടെ കായലിന്റെ സ്വഭാവം പഠിച്ചു. പലയിടത്തും ആഴമില്ലാത്ത ഭാഗങ്ങള്‍ ഉണ്ടെന്നു മനസിലായി. ചില സ്ഥലങ്ങളില്‍ കുറ്റി നാട്ടി. ചേറു കൊണ്ട് വരമ്പ് കുത്തിപ്പൊക്കി വെള്ളം പമ്പു ചെയ്തു കളഞ്ഞു. അടിയിലുണ്ടായിരുന്ന മണ്ണ് ഉപയോഗയോഗ്യമാക്കി. അതോടെ ഔതക്കു ശരിക്കും ഭ്രാന്തിളകി. ആയിരക്കണക്കിനു തൊഴിലാളികളെ വിളിച്ചുകൂട്ടി മൂന്നു ഭീമന്‍ കായലുകള്‍ കുത്തിയെടുത്തു. മൂന്നിനും ചരിത്രത്തിന്റെ ധ്വനിയുള്ള പേരുകള്‍ നല്‍കി: ചിത്തിര (900 ഏക്കര്‍), മാര്‍ത്താണ്ഡം (652 ഏക്കര്‍), റാണി (600 ഏക്കര്‍).
ആ നിലങ്ങള്‍ കൃഷിക്ക് അനുയോജ്യമാക്കി എടുക്കാന്‍ എല്ലു നുറുങ്ങി പണിയേണ്ടി വന്നു. ഒടുവില്‍ കൊയ്‌തെടുത്തപ്പോള്‍ നൂറുമേനി. ആണ്ടിലേഴു മാസവും വെള്ളത്തിനടിയിലായിരുന്ന നിലങ്ങള്‍ ബാക്കി മാസങ്ങളില്‍ ഖനികളായി മാറി. കുട്ടനാട് ഐതിഹ്യമായി. പക്ഷേ, ഐതിഹ്യം പൊലിഞ്ഞുപോയി. ആദ്യത്തെ തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറിയ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ഗവണ്‍മെന്റ് ഭൂപരിഷ്‌കരണം ഏര്‍പ്പെടുത്തി. പലവിധത്തിലും ശ്ലാഘനീയമായിരുന്നു ഈ പരിഷ്‌കാരം. പക്ഷേ, അവിടെയും ഇവിടെയും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടത് നാടിന്റെ നന്മക്ക് ആവശ്യമാണെന്ന പ്രായോഗിക ബുദ്ധി കമ്യൂണിസ്റ്റ് നേതൃത്വത്തിനില്ലാതെ പോയി. മുരിക്കനെ പോലെയുള്ള ഒരു മാര്‍ഗദര്‍ശിയുടെ സേവനം ഉപയോഗപ്പെടുത്താമായിരുന്നു. കായല്‍നിലങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കര്‍ഷകരുടെ ട്രസ്റ്റിയായി മുരിക്കനെ തന്നെ ശമ്പള അടിസ്ഥാനത്തില്‍ നടത്തിപ്പുകാരനായി നിയമിക്കാമായിരുന്നു. വെള്ളത്തില്‍നിന്നു കുത്തിയെടുത്ത നിലങ്ങള്‍ കൃഷി ചെയ്യാനുള്ള പ്രത്യേക വൈദഗ്ധ്യവും പരിചയസമ്പത്തും അങ്ങനെ പ്രയോജനപ്പെടുത്തിയിരുന്നെങ്കില്‍ കുട്ടനാടിന്റെ സമൃദ്ധി നിലനിര്‍ത്താമായിരുന്നു. റബര്‍തേയില തോട്ടങ്ങള്‍ ഒഴിവാക്കിയതു പോലെ കായല്‍നിലങ്ങള്‍ ഭൂപരിഷ്‌കാരത്തില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കില്‍ പോലും കുട്ടനാട് രക്ഷപ്പെടുമായിരുന്നു.
നടന്നതങ്ങനെയല്ല. കേരളത്തിലെ ഏറ്റവും വലിയ ജന്മിയായി മുരിക്കന്‍ ഔത മുദ്രയടിക്കപ്പെട്ടു. അങ്ങനെ വര്‍ഗശത്രുവായി മാറിയ മുരിക്കനു കഞ്ഞി കുടിക്കാന്‍ വകയില്ലാതായി. പാടശേഖരം പാര്‍ട്ടി അംഗങ്ങള്‍ക്ക് വീതിച്ചുനല്‍കി. അവര്‍ക്കു കൃഷി ചെയ്യാന്‍ അറിഞ്ഞുകൂടായിരുന്നു. മൂന്നു കായലുകള്‍ മൂന്നു ജില്ലാ കലക്ടര്‍മാരുടെ ചുമതലയിലായി. ഐ.എ.എസുകാരന്‍ പാടത്തിറങ്ങുമോ..? കായല്‍കൃഷി ദയനീയമായി. 37 വര്‍ഷം വിജയകരമായി, ലാഭകരമായി കൃഷിയിറക്കിയ ചിത്തിരയും മാര്‍ത്താണ്ഡവും റാണിയും ആര്‍ക്കും ഗുണം കിട്ടാത്ത രീതിയില്‍ നശിച്ചു. ഒരു വന്‍കിട ഭൂവുടമയെ തറപറ്റിച്ചു എന്ന ആശ്വാസം മാത്രം ബാക്കി. സഖാക്കള്‍ക്ക് അതായിരുന്നു ജന്മസാഫല്യം. തത്ത്വശാസ്ത്രം അകത്തുകടക്കുമ്പോള്‍ സാമാന്യബുദ്ധി പുറത്തുപോകുന്നു. ഭൂപരിഷ്‌കരണം നിലവില്‍ വന്ന 1972ല്‍ തന്നെ മുരിക്കന്‍ ഔത മരിച്ചു. ഹൃദയം പൊട്ടിയായിരിക്കണം.''
ഇത് പഴയ തൊഴിലാളിവര്‍ഗ വിമോചനം കെണിയായ ചരിത്രം. പുതിയ കാലത്തുമുണ്ട് വിമോചനദൗത്യത്തിനിടെ ചവിട്ടി അരക്കപ്പെടുന്നവരും വെട്ടിനിരത്തപ്പെടുന്നവരും. കാരണം സിദ്ധാന്തങ്ങള്‍ക്കു കണ്ണുകാണില്ല. അതുകൊണ്ടാണ് വി.ടി കുമാരന്‍ മാഷ് വളരെ പണ്ട് 'താജ്മഹല്‍ പൊളിച്ചിട്ട് അവിടെ ഉരുളക്കിഴങ്ങു കൃഷി ചെയ്യണം' എന്ന് പറയുന്നതല്ല എന്റെ കമ്യൂണിസം എന്നെഴുതിയത്. അദ്ദേഹം കവിയായിരുന്നു.
കാറല്‍ മാര്‍ക്‌സിനു മുന്‍പില്‍ ഉണ്ടായിരുന്ന ലോകമല്ല ഇപ്പോള്‍. ചൂഷകനായ മുതലാളിയും ചൂഷിതനായ തൊഴിലാളിയും ആയിരുന്നു അദ്ദേഹത്തിന്റെ മുന്നില്‍. നമ്മുടേതു സംരംഭകരുടെ കാലമാണ്. സംരംഭകത്വവും (Entrepreneurship) സ്റ്റാര്‍ട്ടപ്പുകളുമാണു ചുറ്റിലും. സമൂഹ സംരംഭകത്വം (Social Entrepreneurship) പുതിയ സാമൂഹിക മുന്നേറ്റങ്ങളുടെ പിന്നിലെ ബലമായി മാറിക്കൊണ്ടിരിക്കുന്നു. മുതലാളിതൊഴിലാളി വര്‍ഗബന്ധമല്ല ഇവിടെ പ്രവര്‍ത്തിക്കുന്നത്. അതേസമയം ചൂഷണത്തിനും പുതിയ സൂത്രങ്ങള്‍ ഉരുത്തിരിയുന്നു. ഒരുകാലത്ത് മതവും മാര്‍ക്‌സിസവും തമ്മില്‍ നടന്നതിനെക്കാള്‍ വലിയ തര്‍ക്കവും കോലാഹലവുമാണ്, ഒപ്പം പഠനങ്ങളുമാണ് മാര്‍ക്‌സിസവും എന്‍ട്രാപ്രനര്‍ഷിപ്പുകളുടെ ലോകവും തമ്മില്‍ എങ്ങനെ ഒത്തുപോകും എന്നതിനെ ചൊല്ലി നടക്കുന്നത്. മാര്‍ക്‌സിയന്‍ എന്‍ട്രാപ്രനര്‍ഷിപ്പ് എന്നൊരു ആശയം പുതിയ ചര്‍ച്ചയാണിപ്പോള്‍. ആ പദപ്രയോഗം തന്നെ ഒരു വിരുദ്ധോക്തിയെന്നു പരിഹസിക്കുന്നവരും പുതിയ കാലത്തേക്ക് 'ദാസ് കാപിറ്റലി'നെ നീട്ടിവായിക്കുന്നവരും തമ്മിലുള്ള സംവാദങ്ങള്‍ തുടരുന്നു.
കാറല്‍ മാര്‍ക്‌സ് കണ്ടിട്ടില്ലാത്ത മുതലാളിമാരാണിപ്പോള്‍ ലോകം നിറയെ. കമ്യൂണിസ്റ്റ് ചൈനയാണ് ലോകത്തെ ജനങ്ങള്‍ക്കാവശ്യമായ മൊബൈല്‍ ഫോണുകള്‍ മുഴുവനും നിര്‍മിക്കുന്നത്. ലോകത്തിലെ ചെറുതും വലുതുമായ എന്‍ട്രാപ്രനര്‍ഷിപ്പുകളെ മുഴുവന്‍ നിരീക്ഷിക്കുകയും പഠനവിധേയമാക്കുകയും ചെയ്യുന്ന ഒരു ചൈനീസ് സര്‍വകലാശാല സന്ദര്‍ശിച്ചതിനെ പറ്റി കേരള നിയമസഭയുടെ സ്പീക്കര്‍ ദുബൈയില്‍ വച്ച് വിസ്മയഭരിതനായി സംസാരിക്കുന്നതു കുറച്ചു മുന്‍പ് കേട്ടു. ദുബൈയിലെ അനേകായിരം മലയാളി സംരംഭകരില്‍ ഏറ്റവും ലാഭംകൊയ്ത നൂറുപേരെ കുറിച്ചുള്ള പുസ്തകം പ്രകാശിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗബോധവും താത്ത്വികവിശകലനങ്ങളും 'അടിത്തട്ടില്‍ സജീവമായ അന്തര്‍ധാര'കളും കൂട്ടിക്കലര്‍ന്നുണ്ടായ സമരങ്ങള്‍മൂലം കേരളത്തിലെ പൂട്ടിപ്പോയ അനേകം 'മുതലാളിത്ത മൂരാച്ചി' സംരംഭങ്ങളെ ഓര്‍ത്തു ഞാനന്നേരം.
കടപ്പാട്: മുരിക്കന്‍ ഔതയുടെ ചരിത്രം ടി.ജെ.എസ് ജോര്‍ജിന്റെ 'ഘോഷയാത്ര' എന്ന പുസ്തകത്തില്‍നിന്ന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."