കപ്പപ്പാട്ടും മലയാള സാഹിത്യവും
മാപ്പിളപ്പാട്ടും മാപ്പിള സാഹിത്യവും നമ്മുടെ സാംസ്‌കാരിക ചരിത്ര പാരമ്പര്യത്തിന്റെ മഹത്തായ ഈടുവയ്പ്പുകളാണ്. അറബി മലയാളത്തിന്റെ ചേരുവകളില്‍നിന്ന് ഉടലെടുത്ത മാപ്പിളപ്പാട്ടുകള്‍ ഇന്ന് മലയാളികളുടെ ജനകീയ സംസ്‌കൃതിയായി രൂപപ്പെട്ടിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആസ്വാദകരുള്ള കലയായി മാപ്പിളപ്പാട്ട് മാറിക്കഴിഞ്ഞു. മാപ്പിളകലയും സാഹിത്യവും ഇത്രയേറെ പ്രചുരപ്രചാരം ലഭിച്ചിട്ടും മുഖ്യധാരാ പഠനങ്ങള്‍ക്കോ ഗൗരവമായ ഗവേഷണങ്ങള്‍ക്കോ വിധേയമായിട്ടില്ല എന്നതു ഖേദകരമായ വസ്തുതയാണ്.
അറബി മലയാളത്തില്‍ വിരചിതമായ പ്രാചീന മാപ്പിളപ്പാട്ടുകള്‍ അതിശക്തമായ വിചാരവികാരങ്ങളുടെയും സാംസ്‌കാരിക ചിന്തകളുടെയും വിളനിലമാണ്. അധിനിവേശത്തിനും കൊളോനിയലിസത്തിനുമെതിരേ പോരാട്ടങ്ങളുടെ വീരഗാഥകള്‍ പാടുന്ന കാവ്യങ്ങള്‍, ധര്‍മത്തിനും വിശ്വാസത്തിനും ആത്മബലം നല്‍കുന്ന നിരവധി രചനകള്‍ മാപ്പിളസമൂഹത്തില്‍ ഉണ്ടായിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂമിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍', മമ്പുറം തങ്ങളുടെ 'അസ്സയ്ഫുല്‍ ബത്താര്‍', ഖാദി മുഹമ്മദിന്റെ 'ഫത്ഹുല്‍ മുബീന്‍', 'ചേറൂര്‍ചിന്ത് ' തുടങ്ങിയവ അവയില്‍ ചിലതാണ്.
എന്നാല്‍, മാപ്പിളഗാന സാഹിത്യശാഖയില്‍ വേറിട്ടൊരധ്യായം തീര്‍ത്ത മഹാകാവ്യമാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ 'കപ്പപ്പാട്ട് '. മതപണ്ഡിതനും മാപ്പിളകവിയുമായി ജീവിതാന്ത്യംവരെ ജനങ്ങളെ രസിപ്പിച്ച കവി ജീവിച്ചത് ക്രിസ്തുവര്‍ഷം 1700കളിലാണെന്ന് അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന് അനുമാനിക്കാനാകും. തലശ്ശേരി സൈദാര്‍ പള്ളിക്കടുത്ത ചന്ദനംകണ്ടി തറവാട്ടിലാണു ജനനം. പ്രാഥമിക വിദ്യാഭ്യാസം തലശ്ശേരി വലിയ ജുമുഅത്ത് പള്ളി ദര്‍സില്‍നിന്ന്. അക്കാലത്ത് കേരളത്തിലെ മുസ്‌ലിംകളുടെ ഉന്നത മതപഠനകേന്ദ്രമായ പൊന്നാനിയിലാണ് ഉപരിപഠനം.
ചെറുപ്പം മുതലേ തമാശകളും കുസൃതികളും കൊണ്ടു കൂട്ടുകാര്‍ക്കിടയില്‍ നിറഞ്ഞുനിന്നിരുന്നു കുഞ്ഞായിന്‍ മുസ്‌ലിയാര്‍. സാമൂതിരി രാജാവിന്റെ കൊട്ടാര വിദൂഷകന്‍ മങ്ങാട്ടച്ചന്റെ സന്തത സഹചാരിയായാണ് അദ്ദേഹം പ്രസിദ്ധിയാര്‍ജിക്കുന്നത്. ഇവര്‍ക്കിടയിലുള്ള നിരവധി ഫലിതകഥകള്‍ ഇന്നും നമ്മുടെയൊക്കെ മനസുകളില്‍ തങ്ങിനില്‍ക്കുന്നുമുണ്ട്. മുഹ്‌യിദ്ദീന്‍മാല രചിച്ച് 130 വര്‍ഷം കഴിഞ്ഞാണ് കുഞ്ഞായിന്‍ മുസ്‌ലിയാരുടെ പ്രഥമ കാവ്യമായ നൂല്‍ മദ്ഹ് പ്രസിദ്ധീകരിക്കുന്നത്. മാപ്പിള പദ്യസാഹിത്യത്തില്‍ കാവ്യപ്രസ്ഥാനത്തിന് ആരംഭം കുറിച്ചത് മുസ്‌ലിയാരുടെ 'കപ്പപ്പാട്ടോ'ടുകൂടിയാണെന്ന് സത്യം.
കപ്പപ്പാട്ടിന്റെ രചനക്കു കാരണമായി തീര്‍ന്ന സാമൂഹികപരിസരങ്ങള്‍ ശ്രദ്ധേയമാണ്. തലശ്ശേരിയില്‍ ജനിച്ച കുഞ്ഞായിന്‍ മുസ്‌ലിയാരുടെ കര്‍മഭൂമി പൊന്നാനിയായിരുന്നു. പൗരാണികകാലം മുതല്‍ക്കെ തലശ്ശേരിയും പൊന്നാനിയും അറിയപ്പെടുന്ന തുറമുഖകേന്ദ്രങ്ങളായിരുന്നു എന്നുമാത്രമല്ല, മുസ്‌ലിം സംസ്‌കാരത്തിന്റെ സിരാകേന്ദ്രങ്ങളും കൂടിയായിരുന്നു. ഈ കേന്ദ്രങ്ങളില്‍ ദേശീയവും അന്തര്‍ദേശീയവുമായ വാണിജ്യവ്യാപാര ബന്ധങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട് പത്തേമാരികളും പായക്കപ്പലുകളും വന്നുംപോയും ഇരുന്നതിനാല്‍ ഈ ജീവിതരീതിയോടു സമരസപ്പെട്ടുപോവുക സ്വാഭാവികമാണല്ലോ. മാത്രവുമല്ല, പഴയകാലത്ത് മാപ്പിളമാര്‍ക്ക് കപ്പലിനോടും കടല്‍യാത്രയോടുമുള്ള അഗാധബന്ധവും പ്രസ്താവ്യമാണ്.
മനുഷ്യന്റെ സാമൂഹിക സാംസ്‌കാരിക ജീവിതത്തില്‍ കപ്പലിനും കപ്പലോട്ടത്തിനുമുള്ള പ്രസക്തിയും വിശുദ്ധ ഖുര്‍ആന്‍ വിവിധ സ്ഥലങ്ങളില്‍ ഒരു ദൃഷ്ടാന്തമായി എടുത്തു പറയുന്നുമുണ്ട്. കടലും കടലിലുള്ളതും അതിലെ അത്ഭുതപ്രതിഭാസങ്ങളും ജീവിതത്തിന്റെ ഭാഗമായി കണ്ട് കപ്പലിനെ ഇതിവൃത്തമാക്കി രചിച്ചതാണ് 'കപ്പപ്പാട്ട് ' എന്നൊരു അഭിപ്രായമുണ്ട്. മറ്റൊരു നിഗമനം ഇതാണ്. പൊന്നാനിയില്‍ പഠിക്കുന്ന കാലത്ത് ഗുരുവായ മഖ്ദൂമിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ ഭാര്യ മുസ്‌ലിയാരോട് രാത്രി ചൊല്ലേണ്ട പ്രാര്‍ഥന ഏതെന്നതിന് 'ഏലൈ മാലെ' എന്ന് പറഞ്ഞുകൊടുക്കുകയും രാത്രി ചൊല്ലുന്ന ഭാര്യയോട് മഖ്ദൂം ആരാണ് ഈ പ്രാര്‍ഥന പഠിപ്പിച്ചതെന്ന ചോദ്യത്തിന് കുഞ്ഞായിന്‍ മുസ്‌ലിയാരെന്ന് പറയുകയും ചെയ്തു. അടുത്ത ദിവസം മുസ്‌ലിയാരെ കണ്ട മഖ്ദൂം നീ മനുഷ്യനെ കപ്പലാക്കുകയാണോ എന്നു ചോദിച്ചത്രെ. ഈ സംഭവത്തിനുശേഷമാണു മനുഷ്യനെ കപ്പലിനോടുപമിച്ച് 'കപ്പപ്പാട്ട് ' രചിച്ചതെന്നും പറയപ്പെടുന്നു. ഇതിനെ സംബന്ധിച്ചു പാശ്ചാത്യ പണ്ഡിതനും ഭാഷാ ഗവേഷകനുമായ എ.സി ബര്‍ണല്‍ എഴുതിയിട്ടുണ്ട്.
'കപ്പപ്പാട്ട് ' ഒരു ദാര്‍ശനിക കാവ്യമാണെന്നതില്‍ സംശയമില്ല. മനുഷ്യജീവിതത്തിന്റെ അകത്തും പുറത്തും വെളിച്ചം പകരുന്നതോടൊപ്പം പാപത്തിന്റെ ആഴക്കടലില്‍ മുങ്ങിത്തപ്പുന്ന പതിതര്‍ക്കു മുക്തിയും തുരുത്തിലേക്കു കയറാനുള്ള പിടിവള്ളിയും നല്‍കുന്നു കവി വായനക്കാര്‍ക്ക്. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതിബന്ധങ്ങളും പ്രയാസങ്ങളും തരണം ചെയ്യാനുള്ള ഉപാധികളും പ്രായോഗിക നിര്‍ദേശങ്ങളും ഇതില്‍ പറയുന്നുണ്ട്.
'കപ്പപ്പാട്ടി'നുശേഷം മലയാളത്തിലുണ്ടായ പല കൃതികള്‍ക്കും ഇതിനോട് ഏറെ സമാനതകള്‍ കാണാന്‍ കഴിയും. പൂന്താനത്തിന്റെ 'ജ്ഞാനപ്പാന', കുമാരനാശാന്റെ 'വീണപൂവ് ', എഴുത്തച്ഛന്റെ 'കിളിപ്പാട്ട് ' എന്നിവയിലെല്ലാം ഇത് ചെറിയ സ്വാധീനമല്ല ഉണ്ടാക്കിയതെന്നു പഠനങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. 'കപ്പപ്പാട്ട് ', 'നൂല്‍ മദ്ഹ് ' എന്നിവയുടെ ചുവടുപിടിച്ചു ധാരാളം കൃതികള്‍ മലയാളത്തിലുണ്ടായി. ലളിതവും നിത്യസുന്ദരവുമായ ഈരടികള്‍. ചതിയിലും ചെളിയിലും അകപ്പെടാതെ കാത്തുസൂക്ഷിച്ചാല്‍ മനുഷ്യനു സമാനമായി ഭൂമിയില്‍ മറ്റാരുമില്ലെന്ന ഇസ്‌ലാമിക ദാര്‍ശനിക കാഴ്ചപ്പാട് വളരെ ലളിതമായി ഇതില്‍ പറഞ്ഞുപോകുന്നു.
ഒരു മനുഷ്യന്‍ എന്ന നിലക്കുള്ള കവിയുടെ സ്വത്വബോധം, അനുഭവം, ഭാവന, ചിന്ത, സത്യസന്ധത തുടങ്ങിയ ചോദനകളാണു ജീവിതത്തെ സാഗരമായും മനുഷ്യനെ കപ്പലായും കാണാന്‍ കവിയെ പ്രേരിപ്പിക്കുന്നത്. കടലിന്റെ തിരമാലപോലെ മനുഷ്യ ജീവിതത്തിന്റെ കയറ്റിറക്കങ്ങളിലും കടന്നുപോകുന്ന മനുഷ്യജീവിതത്തെ ഒരു കപ്പല്‍യാത്രയുടെ അനുഭവങ്ങളാണു വായനക്കാരുമായി പങ്കുവയ്ക്കുന്നത്. സ്വത്വത്തിന്റെ വേരുകള്‍ തേടിയുള്ള ഈ തീര്‍ഥയാത്രയില്‍ കവിയോടൊപ്പം സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും തന്റെ ജീവിതലക്ഷ്യങ്ങളിലേക്ക് ഉള്‍ക്കാഴ്ചയുടെ പൂരിതപ്രകാശം കിട്ടുമെന്നത് ഉറപ്പാണ്.
'കപ്പപ്പാട്ടി'ലെ ഓരോ വരിയും മനുഷ്യന്റെ ആത്മാവിലേക്കുള്ള ഉള്‍വിളികളാണ്. മാപ്പിള സാഹിത്യത്തിലെ ആദ്യ ദര്‍ശനകാവ്യവും സിംപോളിക് ചിന്തയുമായ 'കപ്പപ്പാട്ട് ' അറബി മലയാളത്തിലെ ആദ്യ മണിപ്രവാള കൃതിയായിട്ടാണ് അറബി-മലയാള സാഹിത്യ പണ്ഡിതനായ ഒ. അബു സാഹിബ് വിശേഷിപ്പിക്കുന്നത്. സാധാരണക്കാരന്റെ ജീവിതത്തോടു ചാരിയും ചേര്‍ന്നും നിന്നു ചിന്തയുടെ ചാട്ടുളിയാണ് അത് അവരിലേക്കു തൊടുത്തുവിടുന്നത്. കപ്പല്‍, പങ്കായം, കൊടിമരം, തുറമുഖം, തിരമാലകള്‍, കൊടുങ്കാറ്റ് തുടങ്ങിയ ബിംബങ്ങളെ ആത്മാവിലേക്കുള്ള മനുഷ്യന്റെ അന്വേഷണത്തിനു തിരികൊളുത്തുന്നു.
മനുഷ്യനു കൈമോശം വന്നുകൊണ്ടിരിക്കുന്ന സനാതന മൂല്യങ്ങളിലേക്കു നര്‍മത്തിന്റെ ചായംതേച്ചു സരസമായി അനുവാചകനുമായി അതിന്റെ ആവശ്യകത പങ്കുവയ്ക്കുന്നു. അതിരുവിട്ട മോഹങ്ങള്‍, ഭൗതിക സുഖാനുഭൂതികള്‍ എല്ലാം സ്വായത്തമാക്കാന്‍ പാടുപെടുന്ന മനുഷ്യനെ കളിയാക്കുകയാണ് മുസ്‌ലിയാര്‍ 'കപ്പപ്പാട്ടി'ലൂടെ.
മുഹ്‌യിദ്ദീന്‍ മാല കഴിഞ്ഞാല്‍ ഒരു കാലത്ത് സാധാരണക്കാരന്റെ ചുണ്ടുകളില്‍ തത്തിക്കളിച്ചിരുന്നത് 'കപ്പപ്പാട്ട് ' ഉള്‍പ്പെടെയുള്ള സഫീനപ്പാട്ടുകളായിരുന്നു. 'കപ്പപ്പാട്ടു'പോലെ പടപ്പാട്ടുകളും ഖിസ്സപ്പാട്ടുകളും ഉള്‍പ്പെടുന്ന മാപ്പിള സാഹിത്യകൃതികള്‍ മുസ്‌ലിം വിശ്വാസികള്‍ക്ക് പകര്‍ന്നുനല്‍കിയതു സ്വതന്ത്രവും നിര്‍ഭയവുമായ വീക്ഷണവും വിമോചനപരമായ രാഷ്ട്രീയബോധവുമാണ്. ഈ ചിന്തകളാണു മാപ്പിളമാര്‍ക്ക് അധിനിവേശ ശക്തികള്‍ക്കെതിരേ പടപൊരുതാന്‍ ആവേശം പകര്‍ന്നതും.
മനുഷ്യന്റെ ജീവിത സഞ്ചാരത്തെ തടസപ്പെടുത്തുന്ന മോഹം, ആര്‍ത്തി, പൈശാചികത തുടങ്ങിയ തിന്മകളെ കരുതിയിരിക്കണമെന്നും, അവയ്‌ക്കെതിരേ പ്രയോഗിക്കേണ്ട ആയുധങ്ങള്‍- ദൈവത്തിലുള്ള ഭരമേല്‍പിക്കല്‍, ദൈവസ്മരണ, സത്യസാക്ഷ്യം, ജീവിത വിരക്തി തുടങ്ങിയവയാണെന്നും 'കപ്പപ്പാട്ട് ' നമ്മെ ഓര്‍മപ്പെടുത്തുന്നു. മോഹനവാഗ്ദാനങ്ങള്‍ക്കും പ്രലോഭനങ്ങള്‍ക്കും മുന്‍പില്‍ കാലിടറിപ്പോകുന്ന ശരാശരി മനുഷ്യനു മുന്നില്‍ മുഴക്കാവുന്ന സംഗീതനാദം തന്നെയാണ് 'കപ്പപ്പാട്ട് ' എന്നതില്‍ യാതൊരു സംശയവുമില്ല.
''നായന്‍യെന്നൂന്നി നടപ്പോവര്‍യെല്ലാം
നന്നായി നിനന്ത് മനം ഓര്‍ത്ത് കാമീന്‍
മായം ഒഴിഞ്ഞ് മനം ഓര്‍ത്ത് കണ്ടാല്‍
മന്ദം ഒഴിഞ്ഞേറ്റം മൂന്നി നടക്കാം.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."