ബിനാലെ
ഒരു വറ്റു തേടിയിരക്കുന്ന ബാല്യമെന്‍ കണ്‍മുന്നില്‍
തെരുവില്‍ ഒറ്റയ്ക്കു വിയര്‍ക്കുന്നു.
ഒരു തുട്ട് തേടിയിരവിന്റെ ചോലയില്‍
സ്ത്രീത്വം ഉഴറി ദിശ തെറ്റി നീങ്ങുന്നു.
ക്രൗര്യത്തിന്‍ കരാള മഴു കരുണതന്‍
നിബിഡ വനസഞ്ചയങ്ങളെ വെട്ടിവീഴ്ത്തുന്നു.
മുലപ്പാലുനുരയുന്ന നദി തന്റെ മാറില്‍ നിന്നൂറ്റുന്ന മണലില്‍ ഭവനത്തിന്‍ മേല്‍ക്കൂര പൊങ്ങുന്നു.
എവിടെയോ വരളുന്ന വാര്‍ധക്യത്തിന്‍ ചുണ്ടില്‍
ഒരു നീര്‍ക്കണം പോലുമിറ്റാതെ പോകുന്നു.
ദുര്‍ഗന്ധമെഴും കുന്നുകൂടുന്ന ജീവിത മാലിന്യത്തില്‍
അസ്ഥിപഞ്ജരം കണക്കെയൊരു വൃദ്ധന്‍
എന്തോ തിരഞ്ഞു പോകുന്നു.
മധുചഷകങ്ങള്‍ നിറയുന്നു വീണ്ടും,
പെണ്ണിന്റെ കണ്ണീരാല്‍ ഹൃദയം തുളുമ്പുന്നു.
അര്‍ക്കകിരണങ്ങള്‍ വലിച്ചു കീറിയ
ശ്യാമയാമിനി പോലൊരു പെണ്‍കൊടി
പിച്ചിച്ചീന്തി ഓടയില്‍ വീണുകിടക്കുന്നു.
കനല്‍പോലെയെരിയുമൊരു വെയിലില്‍
യുവത്വം വെളിച്ചമില്ലാതെ വഴിതെറ്റിയലയുന്നു.
ദ്രുതമൊരു വെടിയുണ്ട, കഠാരകള്‍
ചോര നുകരുവാന്‍ ദുരയിട്ടു പായുന്നു.
ആശുപത്രിവരാന്തയില്‍ കൈതവമേശാതെ
ശൈശവമൊരു ശ്വാസകണികയ്ക്കായ് പിടയുന്നു,
കുതറുന്നു, കേഴുന്നു പിന്നെയും.
ജീവജലത്തിനും പ്രാണനും വിലയിട്ടു
വാണിഭം മുറ്റിത്തഴയ്ക്കുന്നു മേല്‍ക്കുമേല്‍.
കുരുന്നു നിലവിളി ശാപക്കനലായി ചിതറി വീഴുന്നു,
ദൈന്യം കൊരുക്കുന്നു.
മൂകത, നിശബ്ദത തമസാര്‍ന്നനന്തനായ്
കാലത്തെ ഊറ്റിക്കുടിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."