അറബ് ധൈഷണികതയുടെ ആള്‍രൂപം
അറബ് ധൈഷണികതയുടെ തിളക്കമായി യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഇന്ന് കേരളത്തിലെത്തുന്നു. കോഴിക്കോട് സര്‍വകലാശാലയുടെ ഡി.ലിറ്റ് ബിരുദം സ്വീകരിക്കാനെത്തുന്ന അദ്ദേഹം അറബ് ലോകത്തെ സാംസ്‌കാരിക-സാമൂഹ്യ രംഗത്തെ ശ്രദ്ധേയമായ വ്യക്തിത്വമാണ്.
മികച്ച ഭരണാധികാരി എന്നതിലുപരി ഗ്രന്ഥകാരനും ചരിത്രകാരനും അക്കാദമിക വിദഗ്ധനുമായ ശൈഖ് സുല്‍ത്താന് ലഭിക്കുന്ന പതിനേഴാമത് ഓണററി ഡോക്ടറേറ്റാണ് കാലിക്കറ്റ് സര്‍ധവകലാശാലയുടേത്.
ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ഈജിപ്ത്, ജപ്പാന്‍, ദക്ഷിണ കൊറിയ, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ ഇതിനകം ഡോക്ടറേറ്റുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സാംസ്‌കാരിക വൈജ്ഞാനിക രംഗങ്ങളില്‍ ലോകരാജ്യങ്ങളുടെ അംഗീകാരം നേടിയെത്തിയ ശൈഖ് സുല്‍ത്താന് സമര്‍പ്പിക്കുന്ന ഈ ആദരവ് എന്തുകൊണ്ടും അര്‍ഹതയ്ക്കുള്ളതാണ്. സാഹിത്യം, നാടകം, ചരിത്രം എന്നീ ഇനങ്ങളില്‍ അന്‍പതിലേറെ അമൂല്യഗ്രന്ഥങ്ങളദ്ദേഹം രചിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ഭൗതിക വിദ്യാഭ്യാസം ഷാര്‍ജയില്‍ തുടങ്ങുന്നത് ശൈഖ് സുല്‍ത്താന്‍ ബാലനായിരിക്കുമ്പോഴാണ്. ഈന്തപ്പനകൊണ്ടുണ്ടാക്കിയ കൂടാരങ്ങളായിരുന്നു അക്കാലത്തെ വിദ്യാലയങ്ങള്‍.
കാല്പനിക ശോഭ മുറ്റിയ അറബി ഭാഷയില്‍ അദ്ദേഹം രചിച്ച ആത്മകഥ: എന്റെ ആദ്യകാല ദിനങ്ങള്‍' അനിതരസാധാരണമായ വായനാനുഭവം പ്രദാനം ചെയ്യുന്നു.
മുപ്പതാണ്ടിലെ ജീവിതാനുഭവങ്ങളാണ് തന്റെ ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നത്. രണ്ടാം ലോകയുദ്ധം ഇരമ്പിപ്പെയ്ത നാല്‍പ്പതുകളില്‍ ബ്രിട്ടീഷ് കോളനിയായിരുന്ന എമിറേറ്റ്‌സിലെ സാമൂഹ്യ ജീവിതക്രമങ്ങളെയും ഭൗതിക സാഹചര്യങ്ങളെയും സത്യസന്ധമായി അദ്ദേഹം ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു.
മാനവികതയുടെ പക്ഷത്താണ് എന്നും സുല്‍ത്താന്‍ അല്‍ ഖാസിമി നിലകൊള്ളുന്നത്. ഇന്നത്തെ അറേബ്യന്‍ സമൃദ്ധിയോടൊപ്പം അക്കാലത്ത് പരിമിതികൂടി പറഞ്ഞുതരുന്നതാണ് ഈ ഗ്രന്ഥം. അഭിനവ അറബ്-ഗള്‍ഫ് രാഷ്ട്രങ്ങളെ രൂപപ്പെടുത്തിയ വൈകാരിക കാവ്യം വൈജാത്യമായ ധാരകളെ കൃത്യമായി അടയാളപ്പെടുത്താന്‍ ഗ്രന്ഥങ്ങളില്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നതാണ് ഏറെ ശ്രദ്ധേയം.
അന്താരാഷ്ട്ര തലത്തില്‍ മൂന്നാമത്തെ പുസ്തകമേളയെന്ന് പ്രസിദ്ധിയാര്‍ജിച്ച ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ ശില്‍പ്പിയെന്നത് ശൈഖ് സുല്‍ത്താന്റെ വ്യക്തിത്വത്തെ കൂടുതല്‍ മാറ്റുള്ളതാക്കുന്നു. അക്ഷരങ്ങളെ അത്രയേറെ സ്‌നേഹിക്കുന്നുവെന്നതിന്റെ പ്രത്യക്ഷ രൂപമാണിത്.
മലയാളികളെ ഏറെ ഇഷ്ടപ്പെടുന്ന സര്‍ഗാത്മകതകള്‍ ഇത്രയേറെ വില കല്‍പ്പിക്കുന്ന ഈ ഭരണാധികാരിയെ നമുക്ക് സ്‌നേഹപുരസ്സരം സ്വാഗതം ചെയ്യാം.
(സുല്‍ത്താന്‍ അല്‍ഖാസിമിയുടെ ആത്മകഥയുടെ മലയാളവിവര്‍ത്തകനാണ്
ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."