മിഴി തുറക്കുന്നു
കണ്ണൂര്‍: നഗരത്തില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള നിരീക്ഷണ കാമറകള്‍ സ്വാതന്ത്ര്യദിനത്തോടെ പ്രവര്‍ത്തനസജ്ജമാകും. 30 കാമറകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. ഇവ പയ്യാമ്പലത്തെ പൊലിസ് കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തി ഇന്നലെ രാവിലെ മുതല്‍ ആരംഭിച്ചു. 60 കാമറകളാണ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുക.
പൊലിസിന്റെ സഹായത്തോടെ കണ്ണൂര്‍ കോര്‍പറേഷനാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്. 90 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുക. കലക്ടറേറ്റിന്റെ മുന്‍വശം, കാല്‍ടെക്‌സ് ജങ്ഷന്‍, പുതിയ ബസ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചുകഴിഞ്ഞു.
ഫെയിസ് റെകഗ്‌നൈസര്‍ എന്ന സോഫ്റ്റ്‌വേര്‍ ഉപയോഗിച്ചാണ് കാമറയുടെ പ്രവര്‍ത്തനം. പിടികിട്ടാപ്പുള്ളികളുടെ ഉള്‍പ്പടെ ഫോട്ടോ കംപ്യൂട്ടറില്‍ കയറ്റുകയും നഗരത്തില്‍ കാമറയ്ക്ക് മുന്നിലൂടെ കടന്നുപോകുന്നവര്‍ക്ക് ഇതിലേതെങ്കിലുമായി സാമ്യമുണ്ടെങ്കില്‍ കണ്‍ട്രോള്‍ റൂമിലും ഡിവൈ.എസ്.പിയുടെ കംപ്യൂട്ടറിലും പ്രത്യേക ശബ്ദത്തോടെ തിരിച്ചറിയാനാകുന്നതാണ് സംവിധാനം. പ്രതികളുടെ മുഖം സൂം ചെയ്ത് കാണാനുള്ള സംവിധാനവുമുണ്ട്. മറ്റു നഗരങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച സംവിധാനമാണ് കണ്ണൂരിലും നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."