കെ.എസ്.ആര്‍.ടി.സിക്ക് 1922 കോടി നല്‍കും: മന്ത്രി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായി 1922 കോടി രൂപ രണ്ട് വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കിഴക്കേകോട്ട രാജധാനി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച 'പുനരുദ്ധാരണ ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി' എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവംബറോടെ കെ.എസ്.ആര്‍.ടി.സിയില്‍ അടിസ്ഥാനപരമായ മാറ്റമുണ്ടാകും. രണ്ടുവര്‍ഷത്തിനിടയില്‍ കെ.എസ്.ആര്‍.ടി.സിക്ക് ലാഭത്തിലെത്താന്‍ കഴിയണം. ഇത്ര പരിതാപകരമായ മറ്റൊരു പൊതുമേഖലാ സ്ഥാപനവും സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിക്കുള്ള കടബാധ്യതയായ 3200 കോടി കുറഞ്ഞ പലിശയില്‍ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു സര്‍ക്കാര്‍ ഗാരന്റിയില്‍ വായ്പയെടുത്ത് നല്‍കും. ഇതിലൂടെ ഉണ്ടാകുന്ന ലാഭം കെ.എസ്.ആര്‍.ടി.സിക്ക് പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ളവയ്ക്ക് വിനിയോഗിക്കാം. ഇതിനിടയില്‍ മറ്റു വായ്പയെടുക്കാന്‍ കെ.എസ്.ആര്‍.ടി.സിയെ അനുവദിക്കില്ല. ഈ വര്‍ഷം സര്‍ക്കാര്‍ 790 കോടി രൂപ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആര്‍.ടി.സി 2400 ബസുകള്‍ പുതിയതായി നിരത്തിലിറക്കും. ബസുകളുടെ ബോഡി നിര്‍മാണത്തിന് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കി ഇത് ദേശീയ നിലവാരത്തിലേക്കുയര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."