ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ മാനേജ്മെന്റ് സീറ്റിന് കോഴ
നിലമ്പൂര്‍: സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് മാനേജ്മെന്റ് സീറ്റുകള്‍ക്ക് കോഴ വാങ്ങുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലിസ് വിജിലന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. തിരുവനന്തപുരം വിജിലന്‍സ് ഡയറക്ടറേറ്റിലെ സ്പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റാണ് സംസ്ഥാന വ്യാപകമായി കോളജുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നത്. ചില രക്ഷിതാക്കള്‍ നല്കിയ പരാതിയിലാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്.
സര്‍ക്കാര്‍ ഗ്രാന്റ് വാങ്ങി പ്രവര്‍ത്തിക്കുന്ന എയ്ഡഡ് സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് വന്‍തോതില്‍ പണം പിരിക്കുന്നതായാണ് പരാതിയിലുള്ളത്. പരാതികള്‍ കേന്ദ്രീകരിച്ചും അല്ലാതെയും വിശദമായ അന്വേഷണമുണ്ടാവുമെന്ന് വിജിലന്‍സ് അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരില്‍നിന്നു നേരിട്ടു വിശദാംശങ്ങള്‍ ശേഖരിക്കുന്നുണ്ട്. മുഴുവന്‍ എയ്ഡഡ് കോളജുകള്‍ക്കും ഈമാസം 11ന് വിജിലന്‍സ് ആസ്ഥാനത്തുനിന്ന് ഇതുസംബന്ധിച്ച് കത്ത് നല്‍കിയിരുന്നു.
20ന് മുന്‍പുതന്നെ അതത് കോളജുകള്‍ വിവരങ്ങള്‍ കൈമാറാനാണ് കത്തില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ഇതുപ്രകാരം ഭൂരിഭാഗം കോളജുകളും വിവരങ്ങള്‍ കൈമാറിയതായാണ് വിവരം. വിജിലന്‍സ് ഡിവൈ.എസ്.പി എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. 2016ലെ വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട വിവരങ്ങളാണ് വിജിലന്‍സ് വിഭാഗം ഇപ്പോള്‍ ശേഖരിക്കുന്നത്.
വിദ്യാര്‍ഥി പ്രവേശനവുമായി ബന്ധപ്പെട്ട മാനേജ്മെന്റ് ക്വാട്ട,കമ്മ്യൂനിറ്റി ക്വാട്ട, യൂനിവേഴ്സിറ്റി ഓണ്‍ലൈന്‍ അലോട്ട്മെന്റ് തുടങ്ങിയവയുടെ വിശദാംശങ്ങള്‍ ഇനം തിരിച്ചു നല്‍കാനാണ് വിജിലന്‍സ് നിര്‍ദേശിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വിവിധ കോഴ്സുകളില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ പേര്, രക്ഷകര്‍ത്താവിന്റെ പേര്, ഫോണ്‍ നമ്പര്‍, മേല്‍വിലാസം, പഠിക്കുന്ന കോഴ്സ്, എന്നിവയാണ് ശേഖരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."