ജര്‍മന്‍ ജനത ഇന്ന് പോളിങ് ബൂത്തിലേക്ക്
ബെര്‍ലിന്‍: ബ്രെക്‌സിറ്റിനും ഫ്രഞ്ച്-നെതര്‍ലന്‍ഡ്‌സ് തെരഞ്ഞെടുപ്പുകള്‍ക്കും ശേഷം യൂറോപ്പ് ഉറ്റുനോക്കുന്ന ജര്‍മന്‍ പൊതുതെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാര്‍ലമെന്റിനെ തെരഞ്ഞെടുക്കാനായി ജര്‍മന്‍ ജനത ഇന്ന് പോളിങ് ബൂത്തിലെത്തും.
നാലാം ഊഴത്തില്‍ ജനവിധി തേടുന്ന നിലവിലെ ചാന്‍സലറും ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂനിയന്‍ (സി.ഡി.യു) സ്ഥാനാര്‍ഥിയുമായ ആംഗെലാ മെര്‍ക്കല്‍ തന്നെ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്നാണു പൊതുവിലയിരുത്തല്‍. ഇതുവരെ പുറത്തുവന്ന സര്‍വേ ഫലങ്ങളെല്ലാം മെര്‍ക്കലിന്റെ വിജയമാണു പ്രവചിക്കുന്നത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം ലഭിക്കില്ലെന്നാണു സൂചന. അങ്ങനെയാണെങ്കില്‍ മെര്‍ക്കലിന്റെ നേതൃത്വത്തില്‍ സി.ഡി.യു-സി.എസ്.യു മുന്നണി തൂക്കുസഭ രൂപീകരിക്കുകയായിരിക്കും ചെയ്യുക.
സോഷ്യലിസ്റ്റ് പാര്‍ട്ടിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി(എസ്.പി.ഡി)യുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രസിഡന്റ് മാര്‍ട്ടിന്‍ ഷ്യൂള്‍സ് ആണ് മെര്‍ക്കലിന്റെ പ്രധാന എതിരാളി. തെരഞ്ഞെടുപ്പ് കാംപയിനിന്റെ ആദ്യഘട്ടത്തില്‍ എസ്.പി.ഡി വന്‍ ജനപിന്തുണ ആര്‍ജിച്ചിരുന്നെങ്കിലും സി.ഡി.യു പ്രചാരണരംഗത്ത് തിരിച്ചുവന്നിട്ടുണ്ട്. എസ്.പി.ഡിയെക്കാള്‍ 13-16 ശതമാനം വോട്ടിന്റെ ലീഡ് സി.ഡി.യു നേടുമെന്നാണ് അവസാനം പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ വ്യക്തമാക്കുന്നത്.ബ്രെക്‌സിറ്റിനെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും പിന്തുണക്കുന്ന വലതുപക്ഷ പാര്‍ട്ടിയായ ആള്‍ട്ടര്‍നേറ്റിവ് ഫോര്‍ ജര്‍മനി(എ.എഫ്.ഡി), 2007ല്‍ രൂപീകൃതമായ ഫ്രീ ഡെമോക്രാറ്റിക് പാര്‍ട്ടി(എഫ്.ഡി.പി), ദ ഗ്രീന്‍സ് എന്നീ കക്ഷികളും മത്സരരംഗത്തുണ്ട്.യൂറോപ്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക ശബ്ദവും യൂറോപ്യന്‍ അനുകൂലിയുമായ മെര്‍ക്കല്‍ അധികാരത്തില്‍ വരണമെന്നാണ് യൂറോപ്യന്‍ യൂനിയന്‍ അടക്കമുള്ള സംഘടനകള്‍ ആഗ്രഹിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."