ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം ഒഴിവാക്കാന്‍ നീക്കം
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് നല്‍കി വരുന്ന ഗ്രേസ് മാര്‍ക്ക് എഴുത്തുപരീക്ഷയോടൊപ്പം ചേര്‍ക്കേണ്ടതില്ലെന്ന ശുപാര്‍ശ അട്ടിമറിക്കാന്‍ നീക്കം. എഴുത്തുപരീക്ഷകള്‍ക്ക് ലഭിക്കുന്ന മാര്‍ക്കില്‍ നിന്ന് ഗ്രേസ് മാര്‍ക്ക് വേര്‍പെടുത്തി തുടര്‍പഠനത്തിന് പാഠ്യേതര രംഗത്തെ മികവിന് മുന്‍തൂക്കം നല്‍കുന്ന പുതിയ പരിഷ്‌കാരമാണ് നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.
കലാകായിക മേളകളെ പണക്കൊഴുപ്പിന്റേതു തന്നെയാക്കി നിലനിര്‍ത്താനുള്ള വരേണ്യ ലോബിയുടെ സമ്മര്‍ദ്ദമാണ് ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം ഉപേക്ഷിക്കുന്നതിന്റെ പിന്നിലെന്ന് ആരോപണമുയര്‍ന്നു.
കേരളത്തില്‍ ഉദാരമായി ഗ്രേസ് മാര്‍ക്ക് നല്‍കുന്നെന്നും അത് ആകെ മാര്‍ക്കിനൊപ്പം ചേര്‍ക്കുന്നതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമുള്ള വിമര്‍ശനം കാലങ്ങളായുണ്ട്. ഇത് മറികടക്കാനാണ് ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം സംബന്ധിച്ച പഠിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ പഠനഗവേഷണ കൗണ്‍സിലിനെ (എസ്.സി.ഇ.ആര്‍.ടി) ചുമതലപ്പെടുത്തിയത്.
സ്‌കൂള്‍ കലോത്സവത്തിലെ ഗ്രേസ് മാര്‍ക്ക് പൊതുപരീക്ഷകള്‍ക്ക് പരിഗണിക്കേണ്ടതില്ലെന്നും എന്നാല്‍ മാര്‍ക്ക് ലിസ്റ്റില്‍ തന്നെ കുട്ടികളുടെ വ്യക്തിപരമായ നേട്ടങ്ങളായി കാണിക്കുന്നതാണ് ഉചിതമെന്നും പഠനസമിതി നിര്‍ദേശിച്ചു. ഈ ശുപാര്‍ശകളാണ് നടപ്പാക്കാന്‍ സര്‍ക്കാര്‍ മടിക്കുന്നത്.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഴ്ചകള്‍ കഴിഞ്ഞിട്ടും യാതൊരു തുടര്‍ചര്‍ച്ചകളും ഇതുസംബന്ധിച്ച് നടന്നിട്ടില്ല. അധ്യാപക വിദ്യാര്‍ഥി സംഘടനകളുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.
വിഷയത്തില്‍ ആധ്യാപകസംഘടനകളുടെ അനൗദ്യോഗിക യോഗം ചേരാന്‍ ഡി.പി.ഐ ആലോചിച്ചിരുന്നെങ്കിലും പിന്നീടത് മാറ്റി. ഇത്തവണത്തെ കലാകായിക മളകള്‍ തുടങ്ങാന്‍ ചുരുങ്ങിയ സമയം മാത്രം ബാക്കിയുള്ളപ്പോള്‍ ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം സംബന്ധിച്ച് യാതൊരു തീരുമാനവും ഇതുവരെയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."