ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്കു നേരെ ലാത്തിച്ചാര്‍ജ്; ഏഴു പേര്‍ക്ക് പരുക്ക്
വരാണസി: വിദ്യാര്‍ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ബനാറസ് ഹിന്ദു സര്‍വ്വ കലാശാലയില്‍ നടന്ന പ്രകടനത്തിനു നേരെ പൊലിസ് ലാത്തിച്ചാര്‍ജ്. ലാത്തിച്ചാര്‍ജില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റു. ശനിയാഴ്ച അര്‍ധരാത്രിയോടടുത്താണ് സംഭവം.
പ്രധാനമന്ത്രിയുടെ വരാണസി സന്ദര്‍ശത്തിനു തോട്ടു പിന്നാലെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലിസ് ലാത്തി വീശിയതെന്ന് വിദ്യാര്‍ഥികള്‍ പ്രതികരിച്ചു. പൊലിസ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വരെ കയറിയെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. പ്രക്ഷോഭത്തിനിടെ മൂന്നു മോട്ടോര്‍ സൈക്കിളുകള്‍ തീയിട്ടു.
ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്കു നേരെ നടത്തിയ അതിക്രമത്തില്‍ കോളജ് അധികൃതര്‍ നടപടിയെടുക്കാത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്. ബൈക്കിലെത്തിയ മൂന്നുപേര്‍ കാമ്പസിനുള്ളില്‍ വെച്ച് ഉപദ്രവിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി വ്യഴാഴ്ച നല്‍കിയ പരാതിയില്‍ പറയുന്നു. ഹോസ്റ്റലിലേക്കു മടങ്ങുന്നതിനിടയായിരുന്നു സംഭവം. സുരക്ഷാ ജീവനക്കാര്‍ കണ്ടിട്ടും അവരെ തടഞ്ഞില്ലെന്നു പരാതിയില്‍ പറയുന്നു. ഹോസ്റ്റല്‍ വാര്‍ഡന്‍ സംഭവത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം ഹോസ്റ്റലില്‍ വൈകിയെത്തിയതിനു വഴക്കിടുകയാണ് ചെയ്തതെന്നും പരാതിയിലുണ്ട്. കുട്ടികള്‍ ഇവിടെ സുരക്ഷതരല്ലെന്നാണ് സംഭവം സൂചിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
സംഭവത്തില്‍ അപലപിച്ച് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."