ലക്ഷ്യം കാണാതെ നോട്ട് നിരോധനം
കുടിച്ച് കുടിച്ച് ബോധം കെട്ട് മയങ്ങിക്കിടന്നാലാണ്, സ്വര്‍ഗരാജ്യം വരിക എന്ന് കരുതുന്ന കുടിയന്മാര്‍ ഏറെയുള്ള നാടാണ് നമ്മുടേത്. ഏറെ കുടിച്ചിട്ടും അങ്ങനെ മയങ്ങാന്‍ കഴിയാത്ത ഒരു മുഴുക്കുടിന്റെ കഥയുണ്ട്. അയാളുടെ ആത്മഗതം: 'ഉറങ്ങാന്‍ ഇനി കള്ള് വേറെ കുടിക്കണമല്ലോ'.
സാമ്പത്തികരംഗം ആകെ ഉടച്ചുവാര്‍ത്തു കളയാം എന്ന മോഹത്തോടെ കഴിഞ്ഞ നവംബര്‍ എട്ടിന് രാത്രിയില്‍ ഉയര്‍ന്ന മൂല്യങ്ങളുള്ള കറന്‍സി നോട്ടുകളൊക്കെ അസാധുവാക്കിയ ഇന്ത്യാ ഗവണ്‍മെന്റ് ഇന്ന് വന്നു നില്‍ക്കുന്നത് മുകളില്‍ പറഞ്ഞ നിലയിലാണെന്ന് തോന്നുന്നു.
രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് കൂപ്പുകുത്തിയതോടെ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഇപ്പോള്‍ തുറന്നു സമ്മതിരിച്ചിരിക്കുന്നു നാട്ടില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായിരിക്കുന്നു. ബദല്‍ നടപടി ഉടന്‍ പ്രഖ്യാപിക്കും.
ലോകത്ത് പല രാജ്യങ്ങളും പരീക്ഷിച്ച് പരാജയപ്പെട്ട ഒരു നടപടിയാണറ പത്തുമാസം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച നോട്ട് അസാധുവല്‍ക്കരമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാട്ടിയതാണ്.
തങ്ങളോട് ആലോചിച്ചല്ല, തീരുമാനം കൈക്കൊണ്ടതെന്ന റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അന്നത്തെ മേധാവി തന്നെ വ്യക്തമാക്കുകയുണ്ടായി.
ലോകം അംഗീകരിച്ച മികച്ച സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിങ് 2004-ല്‍ പ്രധാനമന്ത്രിപദത്തില്‍ എത്തുമ്പോള്‍ ലോകത്തിലെ പത്താമത്തെ സാമ്പത്തിക ശക്തിയായിരുന്നു ഇന്ത്യ. 2014-ല്‍ അധികാരമൊഴിയുമ്പോള്‍ ഇന്ത്യ നാലാമതായി. അമേരിക്കയും ചൈനയും ജപ്പാനും മാത്രം മുന്നില്‍. നരേന്ദ്രമോദിയുടെ അസാധുവല്‍ക്കരണം ആസൂത്രിതമായ കൊള്ളയും ചരിത്രപരമായ വീഴ്ചയുമാണെന്നാണ് മന്‍മോഹന്‍സിങ് വിശേഷിപ്പിച്ചത്.
ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കി കഴിഞ്ഞ നവംബറില്‍ ഇറക്കിയ ഉത്തരവിലെ പ്രഖ്യാപനങ്ങള്‍ അറുപതിലേറെ തവണ മാറ്റിമറിച്ചിട്ടും എവിടെയും എത്തിയില്ല എന്നര്‍ഥം. സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍നിന്ന് ആഴ്ചയില്‍ പിന്‍വലിക്കാവുന്ന തുക 2000 രൂപയാണെന്ന് നിശ്ചയിച്ചവര്‍ പിന്നീട് അത് പടിപടിആയി ഉയര്‍ത്തി. 2500 മുതല്‍ 24,000 വരെ ആയിരുന്നത് ഫെബ്രുവരി 20 മുതല്‍ 50,000 രൂപ വരെയാക്കി.
നവംബര്‍ എട്ടിന് പ്രധാനമന്ത്രിയുടെ പ്രക്ഷേപണ പ്രസംഗത്തില്‍ സാമ്പത്തികവല്‍ക്കരണം കള്ളപ്പണത്തേയും അഴിമതിയേയും കള്ളനോട്ടുകളെയും നേരിടാനാണെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ പ്രഖ്യാപനത്തില്‍ അഴിമതി പരാമര്‍ശിച്ചിരുന്നില്ല. ആദ്യത്തെ വലിയ പരീക്ഷണം തന്നെ തകര്‍ന്ന് തരിപ്പണമായതാണ് കണ്ടത്. തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ കള്ളപ്പണം വ്യാപകമായി ഇറങ്ങി. ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഒന്നാംഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ പിടികൂടിയത് 109 കോടി രൂപയാണ്. നാലുഘട്ടങ്ങള്‍കൂടി കഴിയാനിരിക്കേ ആയിരുന്നു ഇത്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പിടികൂടിയതിന്റെ മൂന്നിരട്ടി ഒന്നാംഘട്ട പോളിങിനിടയില്‍തന്നെ ഇറങ്ങി എന്നര്‍ഥം.
കോണ്‍ഗ്രസും അകാലിദള്‍-ബി.ജെ.പി സഖ്യവും പുറമെ ആം ആദ്മി പാര്‍ട്ടിയും ബാലറ്റ് യുദ്ധത്തിനിറങ്ങിയ പഞ്ചാബില്‍ 2012ല്‍ പിടികൂടിയതിന്റെ അഞ്ചിരട്ടിയാണ് പിടിച്ചത്. പണത്തിന് പുറമെ 13 കോടി രൂപയുടെ മദ്യവും പഞ്ചാബില്‍ കസ്റ്റഡിയിലായി. ഒരൊറ്റ ഘട്ടമായി തിരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡില്‍ 2012ല്‍ 1.30 കോടി കള്ളപ്പണമാണ് പിടിച്ചതെങ്കില്‍ ഇത്തവണ പിടികൂടിയത് 3.38 കോടി രൂപ. കൊച്ചുസംസ്ഥാനമായ ഗോവയില്‍ 2012ല്‍ അരക്കോടിയായിരുന്നെങ്കില്‍ ഇത്തവണ പല മടങ്ങ് വര്‍ധിച്ച് രണ്ടേകാല്‍ കോടിയിലെത്തി. നോട്ട് നിരോധനം നടപ്പാക്കിയ ശേഷം ഉറവിടം വെളിപ്പെടുത്താത്തതായി 9,334 കോടി രൂപ ആദായനികുതി വകുപ്പ് കണ്ടെത്തിയതായും വാര്‍ത്തയുണ്ട്.
അസാധുവല്‍ക്കരിക്കപ്പെട്ട അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളില്‍ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് കഴഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്ന് പ്രസ്താവന വരികയുണ്ടായി. എങ്കില്‍ അസാധുവല്‍ക്കരണം പ്രഖ്യാപിച്ച പിറ്റേനാള്‍ മുതല്‍ ആ ഉയര്‍ന്ന മൂല്യനോട്ടുകളെല്ലാം ഇനി വെറും കടലാസുകള്‍ ആയിരിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രിക്ക് അതേപ്പറ്റി ഇന്ന് ഒന്നും പറയാനില്ല.
തിരിച്ചുവന്ന നോട്ടുകള്‍ ഇനിയും എണ്ണിക്കഴിഞ്ഞിട്ടില്ലെന്നാണ് റിസര്‍വ് ബാങ്ക് അധികൃതര്‍ പറയുന്നത്. എണ്ണിക്കഴിഞ്ഞു എന്നതാണെങ്കില്‍ പിന്നെയും കള്ളനോട്ടുകള്‍ നാട്ടില്‍ പല ഭാഗങ്ങളില്‍ നിന്നും പിടികൂടുന്നുവെന്ന വാര്‍ത്തകള്‍ എന്ത് സന്ദേശമാണ് നല്‍കുന്നത്?
അസാധുവല്‍ക്കരണ പ്രഖ്യാപനം ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്ന് ഇന്ദ്രപ്രസ്ഥം ഭരിക്കുന്നവര്‍ പറയുന്നു. എന്നിട്ടും നോട്ടുകള്‍ തിരിച്ചുനല്‍കാനും മാറിക്കിട്ടാനും പിന്‍വലിക്കാനും ഒക്കെ ആഴ്ചതോറും എന്തൊക്കെ ഉത്തരവുകളാണിറങ്ങിയത്. ഊണും ഉറക്കവും തൊഴിലുമെല്ലാം ഉപേക്ഷിച്ച് എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ വരിനിന്നവര്‍ക്ക് നഷ്ടപ്പെട്ട മണിക്കൂറുകള്‍, നാടിനുതന്നെ നഷ്ടപ്പെട്ടതാണെന്ന് കണക്ക് കൂട്ടാന്‍പോലും നമ്മുടെ ആസൂത്രണ വിദഗ്ധര്‍ക്ക് സാധിച്ചില്ല. 2001നുശേഷം ബാങ്ക് ശാഖകള്‍ തന്നെ നേരെ ഇരട്ടിയായിട്ടും 60 കോടി ജനങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടില്ല എന്ന് കാണാനും അവര്‍ക്ക് സാധിക്കാതെ പോയി. എ.ടി.എമ്മിനു മുന്‍പില്‍ രാപ്പകല്‍ ക്യൂ നിന്നവരില്‍ നൂറിലേറെപേര്‍ മരിച്ചെന്നാണ് കണക്ക്. റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ പറയുന്ന കണക്കുകള്‍ വിശ്വസിക്കാമെങ്കില്‍ തന്നെ പതിനാറായിരം കോടി രൂപ നിക്ഷേപമായി കിട്ടിയപ്പോള്‍ പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ 21,000 കോടി രൂപ സര്‍ക്കാരിനും ചെലവായി.
കള്ളനോട്ടുകള്‍ തടയാനുള്ള വിപ്ലവാത്മക നടപടി എന്ന നിലയിലാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചതെങ്കില്‍ ഫെബ്രുവരി മൂന്നാംവാരത്തില്‍ ഡല്‍ഹിയില്‍ നിന്ന് വാര്‍ത്ത അതിനെ കൊഞ്ഞനം കുത്തുന്നതായി. ഉയര്‍ന്ന മൂല്യനോട്ടു പിന്‍വലിച്ച് നൂറുദിവസം കഴിഞ്ഞ ശേഷം തെക്കന്‍ ഡല്‍ഹിയിലെ സ്റ്റേറ്റ് ബാങ്ക് എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലലിച്ച ഒരു യുവാവിന് കിട്ടിയത് രണ്ടായിരത്തിന്റെ കള്ളനോട്ടുകളാണ്.
ഒരാഴ്ച കഴിഞ്ഞ് ഉത്തര്‍പ്രദേശില്‍ ഷാജഹാന്‍പൂരിലെ ഒരു എ.ടി.എമ്മില്‍നിന്നും മറ്റൊരാള്‍ക്ക് ലഭിച്ചത് രണ്ടായിരത്തിന്റെ സ്‌കാന്‍ ചെയ്ത പ്രിന്റുകളും.
അസാധു നോട്ടുകളില്‍ പന്ത്രണ്ടരലക്ഷം കോടി രൂപ ബാങ്കുകളില്‍ തിരിച്ചെത്തിയെന്ന് റിസര്‍വ് ബാങ്ക് പറയുന്നു. എന്നാല്‍ പകരം നല്‍കിയത് നാലരലക്ഷം കോടി രൂപ മാത്രമാണ്. പഴയ നോട്ടുകള്‍ കടത്തിക്കൊണ്ടുപോയി സെക്യൂരിറ്റി ത്രെഡ് ഊരിയെടുത്ത് വ്യാജനോട്ടുകളായി ഇറക്കുന്ന ഒരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് ഒരു പുതിയ സംശയം.
സംഗതികളൊന്നും വിചാരിച്ച രീതിയില്‍ പോവുന്നില്ല എന്നുകണ്ടതിനാലാവണം ബാങ്ക് ശാഖകളില്‍ നടക്കുന്ന പണമിടപാടുകള്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വികളില്‍ പകര്‍ത്തണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടിരിക്കുന്നത്.
ഒരൊറ്റ ദിവസം 93 ലക്ഷം രൂപ പിടികൂടിയതും, ഒരു എഞ്ചിനീയറുടെ പക്കല്‍നിന്ന് അഞ്ചരക്കോടി രൂപ പിടിച്ചെടുത്തതും ബാംഗ്ലൂരില്‍നിന്നാണ്. അസാധുവാക്കിയ ഒന്നരക്കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കിയതിന് റിസര്‍വ് ബാങ്ക് ഓഫീസ് ഉദ്യോഗസ്ഥന്‍ അവിടെ അറസ്റ്റിലാവുകയും ചെയ്തു. അതേസമയം ഒരു മുന്‍ മന്ത്രിയുടെ മകളുടെ വിവാഹം 500 കോടി രൂപ ചെലവിട്ട് പൊടിപൊടിക്കുന്നതും, കേരളത്തില്‍ ഒരു മുന്‍മന്ത്രിയുടെ മകന്റെ വിവാഹം ലക്ഷങ്ങള്‍ ചെലവിട്ട് നടത്തുന്നും നാം കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."