പാഠപുസ്തകം വൈകിയതിനുപിന്നില്‍ കെ.ബി.പി.എസിന്റെ സമ്മര്‍ദതന്ത്രം
കാക്കനാട്: പാഠപുസ്തകം അച്ചടിയും വിതരണവും വൈകിയതിനുപിന്നില്‍ കെ.ബി.പി.എസ് മാനേജ്‌മെന്റിന്റെ സമ്മര്‍ദ്ദ തന്ത്രമെന്ന് സൂചന. മുന്‍കാലങ്ങളില്‍ പാഠപുസ്തകം അച്ചടിച്ച വകയില്‍ സര്‍ക്കാര്‍ നല്‍കാനുള്ള 100 കോടി രൂപ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നേടിയെടുക്കാനായാണ് ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി മാനേജ്‌മെന്റ് പന്താടിയത്.
നവംബറില്‍ അച്ചടി പൂര്‍ത്തിയാക്കി വിതരണംചെയ്യേണ്ട ഹൈസ്‌കൂള്‍ ക്ലാസുകളിലെ രണ്ടാം വാല്യം പാഠപുസ്തകങ്ങള്‍ നേരത്തേ അച്ചടിക്കുകയും ഓണപ്പരീക്ഷക്കുശേഷം വിതരണംചെയ്യേണ്ട എല്‍.പി, യു.പി പാഠപുസ്‌കങ്ങളുടെ അച്ചടിയും വിതരണവും വൈകിപ്പിച്ചുമാണ് മാനേജ്‌മെന്റ് സര്‍ക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സമ്മര്‍ദ്ദത്തിലാക്കിയത്.
കണക്കുകള്‍ ഹാജരാക്കാത്തതിനാല്‍ വിദ്യാഭ്യാസ വകുപ്പും കെ.ബി.പി.എസ് മാനേജ്‌മെന്റും തമ്മില്‍ നിലനില്‍ക്കുന്ന ശീതസമരംമൂലം കുടിശ്ശിക നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് താല്‍പ്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന. ഇതിനിടെയാണ് ഈ അധ്യയനവര്‍ഷത്തെ 2.74 കോടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും മാനേജ്‌മെന്റ് വൈകിപ്പിച്ചത്. എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളിലേക്കുള്ള രണ്ടാം വാല്യം നവംബറില്‍ പൂര്‍ത്തിയാക്കിയാല്‍ മതിയായിരുന്നു. എന്നാല്‍, ഹൈസ്‌കൂള്‍ പാഠപുസ്‌കങ്ങളുടെ രണ്ടാം വാല്യം ഓഗസ്റ്റില്‍ അച്ചടിച്ച് വിതരണം നടത്തിയതിനെ തുടര്‍ന്ന് എല്‍.പി, യു.പി ക്ലാസുകളിലെ പാഠപുസ്‌കങ്ങളുടെ അച്ചടിയും വിതരണവും വൈകാന്‍ ഇടയായി.
നൂറ് കോടിയോളം രൂപ കുടിശ്ശികയുണ്ടെന്നാണ് മാനേജ്‌മെന്റ് വിശദീകരണം. കുടിശ്ശിക തീര്‍ക്കാത്തതില്‍ പ്രതിഷേധിച്ച് അച്ചടിച്ച പാഠപുസ്തകങ്ങളുടെ വിതരണം കെ.ബി.പി.എസ് മാനേജ്‌മെന്റ് നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഓണാവധി കഴിഞ്ഞിട്ടും പാഠപുസ്തകങ്ങള്‍ വിതരണംചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
പാഠപുസ്തകം അച്ചടിക്കാന്‍ പ്രിന്റ് ഓര്‍ഡര്‍ നല്‍കുന്നത് പൊതുവിദ്യാഭ്യാസ ഡയരക്ടറാണെങ്കിലും പണം നല്‍കേണ്ടത് ധനവകുപ്പാണ്. കഴിഞ്ഞ അധ്യയനവര്‍ഷത്തെ അച്ചടിക്കൂലിയായി 13.07 കോടിയും വിതരണച്ചെലവായി 17.15 കോടിയും കടലാസ് വാങ്ങിയതിന് 24.82 കോടിയും നല്‍കാനുണ്ട്. ഇതിന്റെപേരില്‍ പുസ്തക വിതരണം വൈകിയാല്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടാവില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞ 14ന് കെ.ബി.പി.എസ് സി.എം.ഡി ടോമിന്‍ തച്ചങ്കരി വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ സെക്രട്ടറി, ഡി.പി.ഐ എന്നിവര്‍ക്ക് കത്തുനല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."