മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കൊല്ലപ്പെടുന്നത് ആവര്‍ത്തിക്കപ്പെടുന്നു: കനയ്യ
കാസര്‍കോട്: രാജ്യത്ത് മാധ്യമപ്രവര്‍ത്തകരും എഴുത്തുകാരും കൊല്ലപ്പെടുന്നത് ആവര്‍ത്തിക്കപ്പെടുകയാണെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവായ കനയ്യകുമാര്‍. ബംഗളൂരുവില്‍ ഗൗരി ലങ്കേഷ് വധിക്കപ്പെട്ടതിന്റെ നടുക്കം വിട്ടുമാറുന്നതിനു മുന്‍പാണ് പഞ്ചാബില്‍ കഴിഞ്ഞ ദിവസം മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും അമ്മയും കൊല്ലപ്പെട്ടത്.
പന്‍സാരെയും കല്‍ബുര്‍ഗിയും കൊല്ലപ്പെട്ടത് അവര്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളുടെ ആളുകളായതു കൊണ്ടല്ല. ധൈഷണികമായി ഫാസിസ്റ്റ് ശക്തികളെ നേരിടുന്നുവെന്ന കാരണംകൊണ്ടാണ്.
മാധ്യമപ്രവര്‍ത്തകരെ കൊല്ലുന്നതിന് പിന്നിലുള്ള പ്രചോദനം അവരുടെ തൊഴിലിനോടുള്ള വിരോധം കൊണ്ടല്ലെന്നും ഹിന്ദുത്വ ശക്തികള്‍ക്കെതിരേ എഴുതുന്നത് കൊണ്ടാണെന്നും കനയ്യ കുമാര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനി കെ. മാധവന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ കെ. മാധവന്‍ അവാര്‍ഡ് ഏറ്റുവാങ്ങുന്നതിന് എത്തിയ കനയ്യകുമാര്‍ കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യന്‍ യുവത നവമാധ്യമങ്ങളുടെയും പ്രതിലോമ പിന്തിരിപ്പന്‍ ശക്തികളുടെയും ചതിക്കുഴിയില്‍ വീഴുകയാണ്. സത്യവും അസത്യവും തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല.
പട്ടിണിയാണോ പാകിസ്താനാണോ പ്രധാന വിഷയമെന്ന് തിരിച്ചറിയാന്‍ പോലും യുവതക്ക് സാധിക്കാതെയായി. കൃത്രിമ വാര്‍ത്തകളിലൂടെ തെറ്റായ വഴികളിലേക്ക് വലിയൊരു വിഭാഗത്തെ സഞ്ചരിപ്പിക്കുന്ന ഗൂഢനീക്കങ്ങള്‍ ഇന്ത്യയില്‍ മാത്രമല്ല എല്ലാ ഭാഗത്തുമുണ്ട്. വാര്‍ത്തകള്‍ കേട്ടയുടന്‍ അവ വിശ്വസിക്കുന്നതിനുപകരം ശരിയെന്തെന്നു കണ്ടെത്താനും തിരിച്ചറിയാനും യുവതലമുറക്ക് കഴിയണമെന്നും കനയ്യ കുമാര്‍ പറഞ്ഞു.
മന്ത്രി ഇ. ചന്ദ്രശേഖരന്‍ കനയ്യ കുമാറിനെ സ്വീകരിച്ചു. പ്രഭാകര റാവു, അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പള, ബി.വി രാജന്‍, ദക്ഷിണ കന്നഡ ജില്ലാ സെക്രട്ടറി വി. കുക്കിയ, കര്‍ണാടക സംസ്ഥാന കൗണ്‍സില്‍ അംഗം ഡോ.ശ്രീനിവാസ് കക്കില്ലായ, കെ. മാധവന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ഡോ.സി. ബാലന്‍, ഡോ.അജയകുമാര്‍ കോടോത്ത് തുടങ്ങിയവര്‍ കനയ്യയെ സ്വീകരിക്കാന്‍ കാസര്‍കോട്ടെത്തിയിരുന്നു.
പുരസ്‌കാരം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥില്‍നിന്ന് കനയ്യ കുമാര്‍ ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."