സ്വകാര്യ മില്ലുകളുടെ നിസ്സഹകരണം നെല്ല് സംഭരണം തുടങ്ങാനായില്ല
തിരുവനന്തപുരം: സ്വകാര്യ മില്ലുകളുടെ നിസ്സഹകരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് നെല്ല് സംഭരണം തുടങ്ങാനായില്ല.
സംഭരണം ഈ മാസം 21ന് തുടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതുവരെ മൂന്നു മില്ലുകള്‍ മാത്രമാണ് പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്.
അതേസമയം, മില്ലുടമകളുടെ സമ്മര്‍ദത്തിനുമുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കില്ലെന്ന് ഭക്ഷ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ചര്‍ച്ച നടത്തി പ്രതിസന്ധി പരിഹരിക്കാന്‍ മില്ലുടമകള്‍ തയാറായില്ലെങ്കില്‍ കടുത്ത നടപടിയെടുക്കുമെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കോട്ടയം, ആലപ്പുഴ ജില്ലകളിലെ കര്‍ഷകര്‍, മില്ലുടമകള്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവരുടെ സംയുക്ത യോഗം ഇന്ന് ആലപ്പുഴ കലക്ടറേറ്റില്‍ ചേരുന്നുണ്ട്. രണ്ടു ജില്ലകളിലെയും പ്രതിസന്ധിക്ക് ഇന്നത്തെ യോഗത്തോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. മറ്റ് ജില്ലകളില്‍ വരുംദിവസങ്ങളില്‍ യോഗം ചേരും.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നെല്‍കൃഷി നാശത്തിന്റെ വക്കിലാണ്. കര്‍ഷകരില്‍നിന്ന് കിലോഗ്രാമിന് 21.50 രൂപ നിരക്കില്‍ നെല്ല് സംഭരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സംഭരിക്കുന്ന നെല്ല് മില്ലുകളില്‍ കൊടുത്ത് അരിയാക്കിയശേഷം കേന്ദ്രസര്‍ക്കാരിന്റെ അരി വിഹിതത്തില്‍പ്പെടുത്തി വിതരണത്തിനെത്തിക്കും.
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വേണ്ടത്ര മില്ലുകള്‍ ഇല്ലാത്തതിനാലാണ് സ്വകാര്യ മില്ലുകളെ ആശ്രയിക്കേണ്ടിവരുന്നത്. ഈ സാഹചര്യമാണ് സ്വകാര്യ മില്ലുടമകള്‍ മുതലെടുക്കുന്നത്. സര്‍ക്കാരിന്റെ നെല്ല് സംഭരണം വൈകിപ്പിച്ച് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയശേഷം കുറഞ്ഞ നിരക്കില്‍ കര്‍ഷകരില്‍നിന്ന് നേരിട്ട് നെല്ല് സംഭരിച്ച് ലാഭം കൊയ്യുകയെന്ന ലക്ഷ്യത്തോടെയാണ് മില്ലുടമകള്‍ പ്രവര്‍ത്തിക്കുന്നത്.
കഴിഞ്ഞ വര്‍ഷവും സമാനരീതിയില്‍ മില്ലുടമകള്‍ സമ്മര്‍ദതന്ത്രമിറക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. 57 സ്വകാര്യ മില്ലുകളാണ് അന്ന് പദ്ധതിയുമായി സഹകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."