കുഞ്ഞീതുമ്മ 'ഹാപ്പിയാണ് '; 114-ാം വയസിലെ ശസ്ത്രക്രിയക്ക് ശേഷവും
വളാഞ്ചേരി: ചെറുപ്പക്കാര്‍ക്കുപോലും ശസ്ത്രക്രിയയെന്ന് കേട്ടാല്‍ പേടിയാണ്. എന്നാല്‍, 114- ാം വയസിലും കുഞ്ഞീതുമ്മ ശസ്ത്രക്രിയ എന്ന പേടിസ്വപ്നത്തെ പുഞ്ചിരിയോടെയാണ് നേരിട്ടത്.
വളാഞ്ചേരി പൂക്കാട്ടിരി സ്വദേശി കുഞ്ഞീതുമ്മയാണ് അപൂര്‍വ ശസ്ത്രക്രിയക്ക് ശേഷവും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെ കഴിയുന്നത്. തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്നാണ് കുഞ്ഞീതുമ്മയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയാക്കിയത്. ഇത്രയും പ്രായംചെന്നയാളില് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത് ലോകത്തുതന്നെ ആദ്യ സംഭവമാണെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു. പ്രായമായവരില്‍ ശസ്ത്രക്രിയ സാധാരണനിലയില്‍ സങ്കീര്‍ണമാണ്. എന്നാല്‍, കുഞ്ഞീതുമ്മയുടെ കാര്യത്തില്‍ വിപരീതമായാണ് സംഭവിച്ചത്. മാനസികമായി പൂര്‍ണമായും ചികിത്സക്ക് തയാറെടുത്ത കുഞ്ഞീതുമ്മ വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചുവെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വളാഞ്ചേരി നടക്കാവില്‍ ഹോസ്പ്പിറ്റലിലെ എല്ലുരോഗ വിദഗ്ധന്‍ ഡോ.നെടിയത്ത് അബ്ദുറഹ്മാന്റെ നേതൃത്വത്തിലാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടന്നത്. പ്രായമായവരെ ശസ്ത്രക്രിയക്ക് വിധേയരാക്കാന്‍ വീട്ടുകാര്‍ അനുവദിക്കാറില്ലെന്നും കുഞ്ഞീതുമ്മയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്നും ഹോസ്പ്പിറ്റല്‍ മാനേജിങ് ഡയരക്ടര്‍ ഡോ.എന്‍. മുഹമ്മദലി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."