യു.ഡി.എഫ് സമരരംഗത്തേക്ക്
തിരുവനന്തപുരം: ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് സമരരംഗത്തിറങ്ങുന്നു. സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ 30ന് ആലപ്പുഴയില്‍ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അന്നുതന്നെ ആലപ്പുഴയില്‍ പൊതുയോഗവും നടക്കും.
27ന് ആലപ്പുഴ ഡി.സി.സിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും നടക്കും. മന്ത്രിക്കെതിരേ നെല്‍വയല്‍, തണ്ണീര്‍ത്തട നിയമമനുസരിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കത്തുനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. ഭൂമി കൈയേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാ കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടും തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ തുടരാന്‍ മുഖ്യമന്ത്രി അനുവദിക്കുന്നത് കേരളത്തെ അത്ഭുതപ്പെടുത്തുകയാണ്. സര്‍ക്കാര്‍ ഭൂമി മണ്ണിട്ടു നികത്തിയതായി ചാണ്ടി തന്നെ വാര്‍ത്താസമ്മേളനത്തില്‍ സമ്മതിച്ചിട്ടുണ്ട്.
കുറ്റസമ്മതം നടത്തിയ സാഹചര്യത്തില്‍ മന്ത്രിസഭയില്‍നിന്ന് മാറ്റിനിര്‍ത്തണം. കൈയേറിയ സ്ഥലം തിരിച്ചുകൊടുക്കാമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. കളവുമുതല്‍ തിരിച്ചുകൊടുത്തതുകൊണ്ട് മോഷണം കുറ്റമല്ലാതാകുന്നില്ല. നെല്‍വയല്‍, തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ 23, 25 വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.
ചാണ്ടിയുടെ കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പാലിക്കുന്ന മൗനം ദുരൂഹമാണ്. വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന ടി.യു കുരുവിളയ്‌ക്കെതിരേ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്നപ്പോള്‍തന്നെ അദ്ദേഹം രാജിവച്ചിരുന്നു. ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുന്നത് ഏതോ പ്രമാണിയുടെ താല്‍പ്പര്യപ്രകാരമാണെന്നാണ് വി.എസ് പറയുന്നത്. ഈ പ്രമാണി പിണറായിയാണോ കോടിയേരിയാണോ എന്ന് വ്യക്തമാക്കണം.
കോടിയേരി സ്ഥാനത്തും അസ്ഥാനത്തും ചാണ്ടിയുടെ ഭൂമി കൈയേറ്റത്തെ ന്യായീകരിക്കുന്നുണ്ട്. പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനത്തിന്റെ കാര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ സമാന നിലപാടാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."