പാക് സൈബര്‍ നിയമം പാസായി; പ്രതിഷേധത്തോടെ ജനങ്ങള്‍
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ പുതിയ സൈബര്‍ നിയമത്തിന് നാഷനല്‍ അസംബ്ലി അംഗീകാരം നല്‍കി. പ്രിവന്‍ഷന്‍ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ബില്‍ 2015 നാണ് വ്യാഴാഴ്ച സെനറ്റ് അംഗീകാരം നല്‍കിയത്.
സൈബര്‍ സ്‌പേസ് വഴി രാജ്യത്ത് ഭീകരപ്രവര്‍ത്തനം നടക്കുന്നുവെന്നതാണ് പുതിയ നിയമത്തിന് പ്രേരിപ്പിച്ചത്. ബില്‍ പ്രസിഡന്റ് മംമ്‌നൂന്‍ ഹുസൈന്‍ അംഗീകാരം നല്‍കുന്നതോടെ നിയമമാകും.
നിയമം ലംഘിക്കുന്നവര്‍ക്ക് കര്‍ശന ശിക്ഷകളും ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു. സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്ന അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഇനിമുതല്‍ സൈബര്‍ സുരക്ഷ ഉദ്യോഗസ്ഥരുടെ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാകും. ഇതോടെ ബില്ലിനെതിരേ പാകിസ്താനില്‍ വിവാദങ്ങളും ഉയര്‍ന്നു. വ്യക്തിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ തടയുന്നതാണ് പുതിയെ ബില്ലെന്ന് വിവിധ സാമൂഹിക സംഘടനകള്‍ വ്യക്തമാക്കി.
നിയമത്തിന്റെ പരിധി സംബന്ധിച്ച് സാധാരണക്കാര്‍ക്കിടയില്‍ അജ്ഞത നിലനില്‍ക്കുന്നതിനാല്‍ അബദ്ധത്തില്‍ ചെന്ന് ചാടുമെന്നും വലിയ ശിക്ഷകള്‍ക്ക് ഇവര്‍ വിധേയമാകുമെന്നും ഡിജിറ്റല്‍ റൈറ്റ്‌സ് ഫൗണ്ടേഷന്‍ തലവന്‍ നിഗാട്ട് ദാഡ് പറഞ്ഞു.
തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്.
നിയമം സംബന്ധിച്ച് കൃത്യമായ വിശദീകരണമില്ലാത്തതിനാല്‍ വലിയ വെല്ലുവിളിയാണ് ജനങ്ങള്‍ക്കുണ്ടാക്കുന്നത് എന്ന് സംഘടനകള്‍ പറയുന്നു. ആക്ഷേപഹാസ്യമടക്കമുള്ള വിമര്‍ശനങ്ങള്‍ ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന വെബ്‌സൈറ്റുകള്‍ നിരോധിക്കുന്നതിലേക്കും പുതിയ നിയമം കാരണമാകുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.
മറ്റുപല രാജ്യങ്ങളിലും നടപ്പിലാക്കിയ സൈബര്‍ നിയമങ്ങള്‍ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തയാറാക്കിയിരിക്കുന്നത്.
എന്നാല്‍ പാകിസ്താനിലെ നിയമത്തില്‍ ഇത്തരം കൃത്യതയില്ലെന്നാണ് വിമര്‍ശനം. 190 ദശലക്ഷം ജനങ്ങളില്‍ 30 ദശലക്ഷം പേരാണ് പാകിസ്താനില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. ബില്ലിനെ കുറിച്ച് ജനങ്ങളുടെ ആശങ്ക പങ്കുവച്ച് പാകിസ്താനിലെ പ്രമുഖ മാധ്യമങ്ങളും രംഗത്തുവന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."