ബി.ജെ.പി ദേശീയ നിര്‍വാഹകസമിതി യോഗം ഇന്ന് തുടങ്ങും
ന്യൂഡല്‍ഹി: രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് ഇന്നു ഡല്‍ഹിയില്‍ തുടക്കം. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പെട്രോള്‍ വില വര്‍ദ്ധനവ്, സാമ്പത്തിക മാന്ദ്യം എന്നിവ എങ്ങനെ പരിഹരിക്കുമെന്നും യോഗം ചര്‍ച്ച ചെയ്യും. യോഗത്തിന് മുന്നോടിയായി ഇന്നലെ ചേര്‍ന്ന ഭാരവാഹികളുടെ യോഗത്തിലും സാമ്പത്തിക മാന്ദ്യവും പെട്രോള്‍ വിലയും ചര്‍ച്ചയായി.
ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റലി സാമ്പത്തിക സ്ഥിതിയെ കുറിച്ച് വ്യക്തമാക്കി. സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഫലപ്രദമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ജയ്റ്റലി അംഗങ്ങളെ അറിയിച്ചു. കേരളത്തില്‍ നിന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പി.കെ കൃഷ്ണദാസും ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്തു. നിര്‍വാഹക സമിതി യോഗത്തില്‍ അവതരിപ്പിക്കേണ്ട സാമ്പത്തിക രാഷ്ട്രീയ പ്രമേയങ്ങള്‍ക്കും യോഗം അന്തിമരൂപം നല്‍കി.
യോഗത്തില്‍ പാര്‍ട്ടിക്കു ബാലികേറാമലയായ കേരളത്തിലെ വിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ചചെയ്യും.
ബി.ഡി.ജെ.എസിന്റെ നിസഹകരണം അടക്കമുള്ള മുന്നണി സംവിധാനത്തിലെ സങ്കീര്‍ണതകളും ചര്‍ച്ചയ്ക്കു വരും. ബി.ഡി.ജെ.എസ് സ്വീകരിച്ച നിലപാട് കേന്ദ്ര നേതൃത്വത്തെ അസ്വസ്ഥമാക്കുന്നുണ്ട്. സംസ്ഥാനത്തെ മുന്നണി സംവിധാനത്തില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കേണ്ടത് കേന്ദ്ര നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്നാണ് നേതൃത്വം പറയുന്നത്.
മൂന്നാം മുന്നണി രൂപീകരിക്കുന്നതിനായി ബി.ഡി.ജെ.എസുമായി ചര്‍ച്ച നടത്തിയതും വാഗ്ദാനങ്ങള്‍ നല്‍കിയതും കേന്ദ്ര നേതൃത്വം നേരിട്ടായിരുന്നു. ഈ ബന്ധത്തെ അംഗീകരിക്കാന്‍ സംസ്ഥാനത്തെ ഒരു വിഭാഗം നേതാക്കള്‍ തയാറായിരുന്നുമില്ല. ഇതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രതിസന്ധി കേന്ദ്ര നേതൃത്വം തന്നെ നേരിട്ട് പരിഹരിക്കട്ടെയെന്ന നിലപാടിലാണ് സംസ്ഥാന ഘടകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."