ദാവൂദുമായി നാല് തവണ ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സഹോദരന്‍
മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്‌റാഹിം എവിടെയാണെന്ന കാര്യത്തില്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയം പ്രകടിപ്പിക്കുമ്പോഴും, കഴിഞ്ഞ കുറച്ചു നാളുകള്‍ക്കിടെ നാല് തവണ ദാവൂദുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന വെളിപ്പെടുത്തലുമായി സഹോദരന്‍ ഇഖ്ബാല്‍ കസ്‌കര്‍.
ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള കസ്‌കര്‍, പൊലിസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്റലിജന്‍സ് ഏജന്‍സികള്‍ ഫോണ്‍ ചോര്‍ത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകം നിര്‍മിച്ച 'ബേണര്‍ ഫോണു'കളും 'സിം ബോക്‌സു'കളും ഉപയോഗിച്ചായിരുന്നു വിളികളെന്നും കസ്‌കര്‍ വ്യക്തമാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ ദക്ഷിണ മുംബൈയില്‍ ബെന്‍ഡി ബസാറിലെ പക്‌മോഡിയ സ്ട്രീറ്റിലെ കസ്‌കറിന്റെ വസതിക്കടുത്തുള്ള ഹുസൈനിവാല കെട്ടിടം തകര്‍ന്നുവീണ ദിവസമാണ് അവസാനമായി ഇരുവരും സംസാരിച്ചത്. 117 വര്‍ഷം പഴക്കമുള്ള അഞ്ചു നിലക്കെട്ടിടമാണ് തകര്‍ന്നു വീണിരുന്നത്. 22 പേരുടെ മരണത്തിന് ഇടയാക്കിയ ഈ അപകടത്തിനു പിന്നാലെയാണ് ഒടുവിലായി ദാവൂദിനെ വിളിച്ചതെന്നും കസ്‌കര്‍ വെളിപ്പെടുത്തി. ഇയാളുടെ മൊഴി പൊലിസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
കസ്‌കറും ദാവൂദും തമ്മില്‍ ബേര്‍ണര്‍ ഫോണിലും സിംബോക്‌സിലും സംസാരിക്കുന്നുവെന്നതുസംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള യാഥാര്‍ഥ്യമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു.
ദാവൂദ് ഇപ്പോഴും പാകിസ്താനിലെ കറാച്ചിയിലുണ്ടെന്നാണ് പൊലിസ് വിശ്വസിക്കുന്നത്. അടുത്ത കുടുംബാംഗങ്ങളോടൊപ്പം കറാച്ചിയിലെ അബ്ദുല്‍ ഖാസി ദര്‍ഗക്കടുത്തുള്ള പാലാട്ടിയല്‍ മാന്‍ഷനിലാണ് ദാവൂദ് താമസിക്കുന്നത്. കസ്‌കറിന് പിന്നാലെ ചിലരെ കൂടി പിടികൂടാനുള്ള നീക്കം നടത്തുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ പൊലിസ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."