ഗൂര്‍ഖാലാന്‍ഡ് പ്രക്ഷോഭം: ഡാര്‍ജിലിങ്ങില്‍ വാഹനം അഗ്നിക്കിരയാക്കി
ഡാര്‍ജിലിങ്: എറെക്കുറെ പ്രതിഷേധത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഗുര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായുള്ള പ്രക്ഷോഭം വീണ്ടും തീക്കളിയിലേക്ക് നീങ്ങി.
പ്രക്ഷോഭം നടത്തുന്ന ഗൂര്‍ഖാ ജന്മുക്തി മോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ രാവിലെ വാഹനത്തിന് തീയിട്ട് വീണ്ടും ഗൂര്‍ഖാ സംസ്ഥാനത്തിനുവേണ്ടിയുള്ള പ്രക്ഷോഭം ശക്തിപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാനായി പൊലിസും അര്‍ധ സൈനിക വിഭാഗങ്ങളും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.
ഡാര്‍ജിലിങ്ങില്‍ നിന്ന് ലെബോങിലേക്ക് പോവുകയായിരുന്ന ജീപ്പാണ് ജി.ജെ.എം പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ ഒരാള്‍ക്ക് പൊള്ളലേറ്റതായി ഡാര്‍ജിലിങ് പൊലിസ് സൂപ്രണ്ട് അഖിലേഷ് കുമാര്‍ ചതുര്‍വേദി അറിയിച്ചു. അക്രമവുമായി ബന്ധപ്പെട്ട് ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 101 ദിവസമായി തുടരുന്ന ബന്ദിന് ഇന്നലെ അയവുവരുത്തിയിരുന്നു. കടകമ്പോളങ്ങള്‍ തുറന്നെങ്കിലും വാഹനത്തിന് തീയിട്ടതോടെ ഡാര്‍ജിലിങ് വീണ്ടും നിശ്ചലമായി. അനിശ്ചിതകാല ബന്ദിനെ തുടര്‍ന്ന് അടച്ചിരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കഴിഞ്ഞ ആഴ്ചയാണ് തുറന്നത്. അതിനിടയില്‍ പ്രദേശത്തെ കടകള്‍ തുറക്കാന്‍ താല്പര്യമുള്ള വ്യാപാരികളോട് ആവശ്യമായ സുരക്ഷ നല്കാന് തയാറാണെന്ന് ഡാര്‍ജിലിങ് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."