പ്രതിഷേധങ്ങള്‍ക്കിടെ കുര്‍ദിസ്താന്‍ ജനഹിതം ഇന്ന്
ഇര്‍ബില്‍: അന്താരാഷ്ട്രതലത്തിലും രാജ്യത്തിനകത്തുനിന്നുമുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഇറാഖിലെ കുര്‍ദിസ്താനില്‍ സ്വതന്ത്ര രാഷ്ട്രത്തിനായുള്ള ജനഹിതം ഇന്നു നടക്കും. ജനഹിതത്തിനെതിരേ ഇന്നലെയും വിവിധ ഇറാഖ് നഗരങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.
വടക്കന്‍ ഇറാഖിലെ കുര്‍ദ് മേഖലയിലാണ് പ്രാദേശിക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജനഹിതം നടക്കുന്നത്. ഇറാഖിന്റെ തലസ്ഥാനമായ ബഗ്ദാദിനും ഇര്‍ബിലിനുമിടയിലുള്ള ഏതാനും പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന അര്‍ധ പരമാധികാര ഭരണപ്രദേശമാണ് കുര്‍ദിസ്താന്‍.
52 ലക്ഷം ജനങ്ങളാണ് ഇവിടെയുള്ളത്. ഇര്‍ബില്‍ ആസ്ഥാനമായുള്ള മേഖലയില്‍ അര്‍ധസൈനിക ജനാധിപത്യ സര്‍ക്കാരാണു ഭരണം നടത്തുന്നത്. ഇന്നു നടക്കുന്ന ജനഹിതം അനികൂലമാകുകയാണെങ്കില്‍ കുര്‍ദിസ്താനെ ഇറാഖില്‍നിന്നു സ്വതന്ത്രമാക്കി ഒരു പരമാധികാര രാജ്യമാക്കാനാണു നീക്കം നടക്കുന്നത്.
ജനഹിതം നടത്താനുള്ള കുര്‍ദ് സര്‍ക്കാരിന്റെ നീക്കത്തെ ഇറാഖിലെ ഹൈദര്‍ അല്‍ അബാദിയുടെ സര്‍ക്കാരിനു പുറമെ, അമേരിക്ക, തുര്‍ക്കി, ഇറാന്‍ എന്നീ രാഷ്ട്രങ്ങളും എതിര്‍ത്തിരുന്നു. തീരുമാനം പുനപരിശോധിക്കണമെന്ന് കുര്‍ദിസ്താന്‍ സര്‍ക്കാരിനോട് യു.എന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."