കടലില്‍ കുടുങ്ങിയ 28 മത്സ്യതൊഴിലാളികളെ രക്ഷിച്ചു
കണ്ണൂര്‍: കടലില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തീരദേശ പൊലിസ് രക്ഷപ്പെടുത്തി. വ്യാഴാഴ്ച പുലര്‍ച്ചെ ആയിക്കരയില്‍ നിന്നു രണ്ടു കാരിയര്‍ വള്ളങ്ങളുമായി മത്സ്യബന്ധനത്തിനായി പുറപ്പെട്ട ചെഗുവേര എന്ന വള്ളമാണു മാഹിക്കും വടകരയ്ക്കുമിടയില് കരയില്‍ നിന്നു 10 നോട്ടിക്കല്‍ മൈല്‍ അകലെ എന്ജിന് തകരാര്‍ കാരണം കുടുങ്ങിയത്. വൈകുന്നേരം അഞ്ചോടെ കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്നു വല പ്രൊപ്പലറില്‍ കുടുങ്ങി എന്ജിന് പ്രവര്‍ത്തനരഹിതമാവുകയായിരുന്നു. രക്ഷയ്ക്കായി മറ്റു മത്സ്യബന്ധന യാനങ്ങളുടെ സഹായം തേടിയെങ്കിലും ലഭിച്ചില്ല. രാത്രി ഏഴോടെ ഫിഷറീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു കണ്ണൂര്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് 28 തൊഴിലാളികളുടെ രക്ഷയ്ക്കെത്തുകയായിരുന്നു. അഴീക്കലില്‍ നിന്നു രക്ഷാപ്രവര്‍ത്തനത്തിനായി പുറപ്പെട്ട മറൈന്‍ എന്‍ഫോഴ്സ്മെന്റ് ബോട്ട് നാലു മണിക്കൂര്‍ നീണ്ട തെരച്ചിനൊടുവില്‍ രാത്രി 11.45ഓടെ അപകടത്തില്‍പെട്ട ഇന്‍ബോര്‍ഡ് വള്ളത്തെ കണ്ടെത്തി.ഭക്ഷണവും വെള്ളവും തീര്‍ന്ന് ഇരുട്ടിലകപ്പെട്ട തൊഴിലാളികളെയും വള്ളത്തെയും 11 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതമായി ഇന്നലെ രാവിലെ 6.30ഓടെ അഴീക്കല്‍ ഹാര്‍ബറിലെത്തിച്ചു. മത്സ്യങ്ങള്‍ രാത്രി തന്നെ കാരിയര്‍ വള്ളത്തില്‍ കരയ്ക്കെത്തിച്ചിരുന്നു. സിവില്‍ പൊലിസ് ഓഫിസര്‍മാരായ സമീര്‍ അലി, ജിതേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ റസ്ക്യൂ ഗാര്‍ഡ് രാജേഷ്, ബോട്ട് സ്രാങ്ക്മാരായ സുരേഷ്, ലസ്കര്‍ ജോസഫ്, ബിജോയ് എന്നിവരും ഉണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."