ജനനേന്ദ്രിയം മുറിച്ച സംഭവം: ഭാര്യയെ അറസ്റ്റ് ചെയ്തു
എടപ്പാള്‍: കുറ്റിപ്പുറത്തെ ലോഡ്ജില്‍ വച്ച് ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച കേസില്‍ ഭാര്യയെ പൊലിസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശി പൊതിയില്‍ ഹൈറുന്നീസ(30)യെയാണ് ഇന്നലെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തത്. പുറത്തൂര്‍ കാവിലക്കാട് ബാവാക്കാന്റെ പുരയ്ക്കല്‍ ഇര്‍ഷാദിനെ(27)യാണ് പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സംഭവ ദിവസം തന്നെ ഹൈറുന്നീസയെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇര്‍ഷാദ് എതിരായി മൊഴി നല്‍കാത്തതും പരുക്ക് സ്വയം സംഭവിച്ചതാണെന്ന നിലപാടില്‍ ഉറച്ച് നിന്നതും കാരണം പൊലിസ് ഇവരെ വെറുതെ വിട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച വീണ്ടും മൊഴിയെടുത്തപ്പോഴാണ് ഇര്‍ഷാദ് ഹൈറുന്നീസക്കെതിരേ മൊഴി നല്‍കിയത്. കേസുണ്ടായാല്‍ ഗള്‍ഫില്‍ പോകാന്‍ കഴിയാതെ വരുമോ എന്ന ചിന്തയും മാനഹാനിയും ഭയന്നാണ് പഴയ മൊഴി നല്‍കിയതെന്നും പൊലിസിനെ അറിയിച്ചു.
ഇതേ തുടര്‍ന്ന് ഹൈറുന്നീസയെ പൊലിസ് കുറ്റിപ്പുറത്തേക്ക് വിളിച്ച് വരുത്തുകയും റെയില്‍വേ സ്റ്റേഷനില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.
ഇര്‍ഷാദും ഹൈറുന്നീസയും നേരത്തേ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയശേഷമാണ് ഇര്‍ഷാദിനെ വിവാഹം കഴിച്ചത്. ഇതിനിടെ വിദേശത്തുള്ള ഇര്‍ഷാദിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിക്കുകയും രണ്ടാഴ്ച മുന്‍പ് നാട്ടിലെത്തിയതിനുശേഷം മുന്നോടിയായുള്ള ചടങ്ങുകളും നടത്തിയിരുന്നു. ഇതാണ് ഹൈറുന്നീസയെ പ്രകോപിപ്പിച്ചത്.
പെരുമ്പാവൂരില്‍നിന്ന് വരുന്നതിനിടെ ഹൈറുന്നീസ പേനാക്കത്തി വാങ്ങി കൈയില്‍ കരുതിയിരുന്നു.
ലോഡ്ജ് മുറിയിലെത്തിയശേഷം വിവാഹത്തില്‍നിന്ന് പിന്മാറാന് ആവശ്യപ്പെട്ടെങ്കിലും തയാറാകാത്തതിനെ തുടര്‍ന്ന് ഇര്‍ഷാദിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."