തൃപ്പൂണിത്തുറ യോഗകേന്ദ്രത്തില്‍ യുവതിക്ക് ഘര്‍വാപസി പീഡനം
കൊച്ചി: മതംമാറിയവരെ തിരിച്ചുകൊണ്ടുവരാന്‍ തൃപ്പൂണിത്തുറയിലെ യോഗകേന്ദ്രത്തില്‍ പെണ്‍കുട്ടികളെ ഭീകരമായി പീഡിപ്പിച്ചതായി പരാതി. യോഗകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട ആയുര്‍വേദ ഡോക്ടറാണ് പൊലിസില്‍ പരാതി കൊടുത്തത്. കണ്ണൂര്‍ സ്വദേശിയായ ക്രിസ്ത്യന്‍ യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ തൃശൂര്‍ സ്വദേശിനിക്കാണ് ക്രൂരമര്‍ദനവും വധഭീഷണിയും നേരിടേണ്ടിവന്നത്. യുവതിയുടെ പരാതിയില്‍ ഉദയംപേരൂരുള്ള കണ്ടനാട് യോഗ പരിശീലനകേന്ദ്രത്തിന്റെ നടത്തിപ്പുകാരനും യുവതിയുടെ സഹോദരീഭര്‍ത്താവ് ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. നടത്തിപ്പുകാരന്‍ ഗുരുജി എന്നുവിളിക്കുന്ന മനോജ്, സഹായി ശ്രീജേഷ്, സഹോദരീഭര്‍ത്താവ് മനു, സുജിത്, സുമിത, ലക്ഷ്മി എന്നിവര്‍ക്കെതിരേയാണു കേസെടുത്തത്.
ഒരു മാസത്തോളമാണ് യുവതിയെ ഈ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത്. ലുലു മാളിലേക്കെന്നു പറഞ്ഞാണു തന്നെ മാതാപിതാക്കള്‍ യോഗസെന്ററില്‍ എത്തിച്ചതെന്നു യുവതി പറയുന്നു. ആദ്യം മാതാപിതാക്കളെയും തന്നെയും ഒപ്പമിരുത്തി കൗണ്‍സലിങ് നടത്തി. പിന്നീട് തന്നെ ദിവസങ്ങളോളം അവിടെ പാര്‍പ്പിച്ചു കൗണ്‍സലിങ് എന്ന വ്യാജേന മാനസികപീഡനം നടത്തി. ഇതിലും പ്രതീക്ഷിച്ച ഫലം കാണാതായതോടെ യോഗ പരിശീലനകേന്ദ്രം നടത്തിപ്പുകാരന്‍ യുവതി ജോലിചെയ്യുന്ന സ്ഥാപനത്തിലെത്തിയും ഭീഷണി തുടര്‍ന്നു. യുവതിയുടെ ഭര്‍ത്താവിന്റെ ഫോട്ടോ കാട്ടി ഇയാളെ വധിക്കുമെന്നായിരുന്നു ഭീഷണി. ഇതിലൊന്നിലും വഴങ്ങാതായതോടെ യോഗകേന്ദ്രത്തില്‍ കെട്ടിയിട്ടു പലതവണ മര്‍ദിച്ചതായും പരാതിയിലുണ്ട്. കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ ഉറക്കെ പാട്ടുവയ്ക്കും. അന്യമതക്കാരനായ ഭര്‍ത്താവിനെ ഒഴിവാക്കാമെന്നു സമ്മതിച്ചതിനു ശേഷമാണ് ക്രൂരപീഡനം ഒഴിവാക്കിയത്.
22 ദിവസത്തിനുശേഷമാണ് ഈ യുവതിക്ക് യോഗകേന്ദ്രത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞത്. യോഗകേന്ദ്രത്തിനെതിരേ പെണ്‍കുട്ടിയുടെ ഭര്‍ത്താവും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇസ്‌ലാം സ്വീകരിച്ച കാസര്‍കോട് ഉദുമ സ്വദേശിനി ആതിരയെയും മതംമാറ്റാന്‍ ഈ കേന്ദ്രത്തില്‍ കൊണ്ടുവന്നു പീഡിപ്പിച്ചതായി തൃശൂര്‍ സ്വദേശിയായ യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. ഡോര്‍മെറ്ററിയില്‍ കിടക്കുന്നതിനിടയിലാണ് ആതിരയെ പരിചയപ്പെട്ടത്.
ആഴ്ചകളോളം ആതിര അവിടെ ഉണ്ടായിരുന്നുവെന്നു യുവതി പറയുന്നു. താന്‍ താമസിച്ചിരുന്ന സമയത്ത് അറുപത്തഞ്ചോളം പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."