പരമ്പര ഇന്ത്യക്ക്
ഇന്‍ഡോര്‍: വീണ്ടും ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയപ്പോള്‍ ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. മൂന്നാം ഏകദിനത്തില്‍ അഞ്ച് വിക്കറ്റിന്റെ മിന്നും വിജയം പിടിച്ചാണ് ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ത്തിന് നേടിയത്.
ഓപണര്‍ ആരോണ്‍ ഫിഞ്ച് തിരിച്ചെത്തിയതോടെ ശക്തിയാര്‍ജിച്ച ബാറ്റിങ് നിരയുടെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 293 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യ 47.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു.
വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് രോഹിത്- രഹാനെ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഒരറ്റത്ത് രഹാനെ പിടിച്ചുനിന്ന് കളിച്ചപ്പോള്‍ രോഹിത് കൂറ്റനടികളുമായി കളം നിറഞ്ഞു. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 139 റണ്‍സ് കൂട്ടിച്ചേര്‍ത്തു. രോഹിത് 62 പന്തില്‍ ആറ് ഫോറും നാല് സിക്‌സും പറത്തി 71 റണ്‍സെടുത്തപ്പോള്‍ രഹാനെ 70 റണ്‍സെടുത്തു. ഒന്‍പത് ബൗണ്ടറികള്‍ താരം നേടി. പിന്നീടെത്തിയ കോഹ്‌ലി 28 റണ്‍സുമായും കേദാര്‍ ജാദവ് രണ്ട് റണ്‍സുമായും മടങ്ങി. നാലാം നമ്പറില്‍ പരാജയപ്പെട്ട മനീഷ് പാണ്ഡെയ്ക്ക് പകരം നാലാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെ ഇറക്കാനുള്ള തീരുമാനം വിജയിച്ചു.
ആറാമനായി ക്രീസിലെത്തിയ മനീഷ് പരമ്പരയിലാദ്യമായി ഫോമിലേക്കെത്തിയപ്പോള്‍ പാണ്ഡ്യയും മനീഷും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്. പാണ്ഡ്യ 72 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും തൂക്കി 78 റണ്‍സെടുത്തു. വിജയത്തിലേക്കടുത്തതിന്റെ അവസാന ഘട്ടത്തില്‍ പാണ്ഡ്യ വീണെങ്കിലും മനീഷ് ധോണിക്കൊപ്പം കൂടുതല്‍ നഷ്ടങ്ങളില്ലാതെ വിജയം ഉറപ്പാക്കി. 32 പന്തില്‍ ആറ് ഫോറുകളുടെ അകമ്പടിയില്‍ മനീഷ്36 റണ്‍സ് കണ്ടെത്തി. ധോണി മൂന്ന് റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി കമ്മിന്‍സ് രണ്ട് വിക്കറ്റെടുത്തു.
നേരത്തെ ടോസ് നേടി ബാറ്റിങിനനുകൂലമായ പിച്ചില്‍ ആദ്യം ബാറ്റ് ചെയ്യാന്‍ ഓസീസ് തീരുമാനിക്കുകയായിരുന്നു. പരുക്ക് മാറി തിരിച്ചെത്തിയ ആരോണ്‍ ഫിഞ്ച് സെഞ്ച്വറിയുമായി കളം നിറഞ്ഞതാണ് ഓസീസിന് കരുത്തായി മാറിയത്. വാര്‍ണറും ഫിഞ്ചും ചേര്‍ന്ന ഓപണിങ് മിന്നല്‍ തുടക്കമാണ് ഓസീസിന് നല്‍കിയത്.
42 റണ്‍സുമായി വാര്‍ണര്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന സ്മിത്ത് ഫിഞ്ചിന് കരുത്തുറ്റ പിന്തുണ നല്‍കിയതോടെ ആസ്‌ത്രേലിയന്‍ സ്‌കോര്‍ കുതിച്ചു. 125 പന്തില്‍ 12 ഫോറും അഞ്ച് സിക്‌സും സഹിതം 124 റണ്‍സാണ് ഫിഞ്ച് അടിച്ചെടുത്തത്. സ്മിത്ത് 63 റണ്‍സെടുത്തു. പിന്നീടെത്തിയവര്‍ക്ക് ടീമിനെ 300 കടത്താന്‍ സാധിച്ചില്ല. ഇന്ത്യക്കായി ബുമ്‌റ, കുല്‍ദീപ് എന്നിവര്‍ രണ്ടും ചഹല്‍, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഹര്‍ദികാണ് കളിയിലെ കേമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."