വായു മലിനീകരണം: സ്റ്റേഡിയത്തില്‍ താത്കാലിക പരിശോധനാ സംവിധാനം സ്ഥാപിക്കും
കൊച്ചി: അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ താത്കാലിക വായു പരിശോധനാ സംവിധാനം സ്ഥാപിക്കുന്നു. ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയില്‍ വായു മലിനീകരണ തോത് കുറവാണ്. എങ്കിലും ഈ മാസം അവസാനം മുതല്‍ മത്സരം അവസാനിക്കുന്നത് വരെ താത്കാലിക സംവിധാനം സ്റ്റേഡിയത്തില്‍ ഉണ്ടാകും.
അന്തരീക്ഷ വായു എട്ട് മണിക്കൂര്‍ ഇടവേളയില്‍ പരിശോധിച്ച് ഗുണ നിലവാരം, പൊടി, അമോണിയ, സള്‍ഫര്‍ ഡൈ ഓക്‌സൈഡ് പോലുള്ള രാസ വാതകങ്ങള്‍ എന്നിവയുടെ സാന്നിധ്യം സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കും.
ജനങ്ങളും വാഹനവും കൂടുമ്പോള്‍ മലിനീകരണം വര്‍ധിക്കുന്നത് തടയാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. മലിനീകരണം രൂക്ഷമാണെങ്കില്‍ ഇന്റന്‍സീവ് മോണിട്ടറിങ് സംവിധാനം ഉപയോഗിക്കും.
ഫിഫയുടെ നിര്‍ദേശ പ്രകാരം സ്റ്റേഡിയത്തിലെയും പരിസരത്തെയും വായു നിലവാരം പരിശോധിക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും മലീനീകരണ നിയന്ത്രണ ബോര്‍ഡും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് ആവശ്യപ്പെട്ടിരുന്നു.
കൊച്ചിയിലെ നില തൃപ്തികരമാണെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഫയുടെ സാങ്കേതിക വിഭാഗവും നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ഇന്ത്യയിലെ മറ്റു നഗരങ്ങളെ അപേക്ഷിച്ച് കൊച്ചിയിലെ മലിനീകരണ തോത് നിശ്ചിത പരിധിയിലും കുറവാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഫിഫ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."