വെള്ളി കപ്പിനെ തൊട്ട ആവേശം: വര്‍ണാഭമായ കൊട്ടിക്കലാശം
കൊച്ചി: ആവേശം കൊട്ടിക്കയറിയ സായാഹ്നത്തില്‍ കൗമാര ലോകകപ്പ് ഫുട്‌ബോളിലെ ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള വെള്ളി കിരീടത്തിന്റെ ഇന്ത്യന്‍ പര്യടനത്തിന് വര്‍ണാഭമാര്‍ന്ന കൊട്ടിക്കലാശം. ചരിത്രമുറങ്ങുന്ന ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയറിലായിരുന്നു പര്യടനത്തിന്റെ സമാപന ചടങ്ങുകള്‍ അരങ്ങേറിയത്.
കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യങ്ങള്‍ നിറപകിട്ടേകിയ ചടങ്ങില്‍ 145 കലാകാരന്‍മാര്‍ നിറഞ്ഞാടിയ നൃത്ത, നാദ, കലാ വിസ്മയ പ്രകടനങ്ങള്‍ അരങ്ങേറി. ആയിരകണക്കിന് പേരാണ് അണ്ടര്‍ 17 ലോകകപ്പിലെ ചാംപ്യന്‍മാര്‍ക്കുള്ള വെള്ളി കപ്പ് നേരില്‍ കാണാന്‍ ഒഴുകിയെത്തിയത്. ലോകകപ്പിന്റെ ഭാഗ്യചിഹ്നം ഖേലിയോടൊപ്പം കേരളീയ കലാ രൂപങ്ങളും നാസിക് ഡോലും വിവിധ നൃത്ത രൂപങ്ങളും അണിചേര്‍ന്നു.
ഇന്ത്യയിലെ ആദ്യ ഫ്രീ സ്റ്റൈല്‍ ഫുട്ബാള്‍ താരം ഡല്‍ഹി സ്വദേശി നീരജ് ഒരുക്കിയ പന്തു കൊണ്ടുള്ള പ്രകടനങ്ങള്‍ കാഴ്ചക്കാര്‍ക്ക് വിസ്മയം പകര്‍ന്നു.
ഫോര്‍ട്ട്‌കൊച്ചിയിലെ സമാപന ചടങ്ങില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ട്രോഫി അനാവരണം ചെയ്തു. ട്രോഫി പര്യടനത്തിന് നല്‍കിയ വരവേല്‍പിന്റെ പതിന്‍മടങ്ങ് ലോകകപ്പ് മത്സരങ്ങള്‍ക്കും നല്‍കണമെന്ന് മേയര്‍ പറഞ്ഞു. കെ.വി തോമസ് എം.പി, കെ.ജെ മാക്‌സി എം.എല്‍.എ എന്നിവരും സംസാരിച്ചു. നോഡല്‍ ഓഫിസര്‍ മുഹമ്മദ് ഹനീഷ്, മുന്‍ എം.എല്‍.എ ഡൊമനിക് പ്രസന്റേഷന്‍, ഫിഫ പ്രതിനിധികള്‍, മറ്റ് ജനപ്രതിനിധികള്‍ പങ്കെടുത്തു. ട്രോഫി ഇന്ന് ഇടപ്പള്ളി ലുലു മാളില്‍ പ്രദര്‍ശിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."