എല്ലാവര്‍ക്കും ഗോളടിക്കാം; വണ്‍ മില്യണ്‍ ഗോളുമായി പ്രചാരണം
കൊണ്ടോട്ടി: ഗോളിയില്ലാത്ത പോസ്റ്റിലേക്ക് ഗോളടിക്കാന്‍ സുവര്‍ണാവസരം നല്‍കി വിദ്യാലയങ്ങളോടും, തദ്ദേശ സ്ഥാപനങ്ങളോടും ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പ് പ്രചാരണത്തിനിറങ്ങാന്‍ നിര്‍ദേശം. 27ന് ബുധനാഴ്ച വൈകിട്ട് മൂന്ന് മണി മുതല്‍ വൈകിട്ട് ഏഴ് മണി വരെ പൊതുജന പങ്കാളിത്തത്തോടെ വണ്‍ മില്യണ്‍ ഗോള്‍ കാംപയിന്‍ സംഘടിപ്പിച്ച് ലോകകപ്പ് ഫുട്‌ബോളിന് പ്രചാരണം നടത്താനാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.
സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍, സംസ്ഥാന കായിക യുവജന കാര്യാലയം എന്നിവയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളേയും സംഘടനകളേയും സംയോജിപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകള്‍, 87 മുന്‍സിപ്പാലിറ്റികള്‍, ആറ് കോര്‍പറേഷനുകള്‍, സ്‌കൂളുകള്‍, കോളജുകളിലെല്ലാം ഒരേ സമയം ഗോളുകള്‍ നിറച്ചാണ് പ്രചാരണം.
പ്രായഭേദമെന്യേ കാംപയിനില്‍ മുഴുവന്‍ പേര്‍ക്കും പങ്കെടുക്കാം. ഒരു വ്യക്തിക്ക് ഒരു ഗോള്‍ മാത്രമെ അനുവദിക്കുകയുളളൂ. പോസ്റ്റില്‍ ഗോള്‍ കീപ്പര്‍ ഉണ്ടാകില്ല. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഗോളുകളുടെ എണ്ണം തിട്ടപ്പെടുത്തി നിര്‍ദിഷ്ട വെബ്‌സൈറ്റിലേക്ക് കൈമാറും. പെനാല്‍റ്റി സ്‌പോട്ടില്‍ നിന്ന് കിക്കുകള്‍ എടുത്താണ് ഗോളാക്കേണ്ടത്. ഓരോ മനുട്ടിലും ഓരോ സെന്ററിലും നാല് ഗോളുകള്‍ സ്‌കോര്‍ ചെയ്യപ്പെടണം. ഏറ്റവും കൂടുതല്‍ ഗോളുകള്‍ അടിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്കും, വിദ്യാലയങ്ങള്‍ക്കും പുരസ്‌കാരം നല്‍കും. ഒരോ ജില്ലയില്‍ നിന്ന് വണ്‍ മില്യണ്‍ ഗോള്‍ കാംപയിനില്‍ പങ്കെടുത്ത് ഗോള്‍ അടിക്കുന്നവരില്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് കൊച്ചിയിലെ ലോകകപ്പ് മത്സരങ്ങള്‍ സൗജന്യമായി കാണാന്‍ അവസരവും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."