പാചകവാതക സിലിണ്ടറുകള്‍ക്ക് അമിത വില: നാട്ടിന്‍പുറങ്ങളിലെ ഉപഭോക്താക്കളെ പൊള്ളിക്കുന്നു
എടച്ചേരി: പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്യുമ്പോള്‍ നാട്ടിന്‍പുറങ്ങളിലെ ഉപഭോക്താക്കളില്‍ നിന്ന് അമിത വില ഈടാക്കുന്നുവെന്ന് പരാതി. വിതരണ കേന്ദ്രത്തില്‍ നിന്നു സിലിണ്ടറുകളുമായി ഉള്‍നാടന്‍ ഗ്രാമപ്രദേശങ്ങളിലെത്തുന്ന ഏജന്റുമാരാണ് വീട്ടമ്മമാരില്‍ നിന്ന് അമിത വില ഈടാക്കുന്നത്.
ഗ്യാസ് സിലിണ്ടറിന്റെ യഥാര്‍ഥ വിലയ്ക്ക് പുറമെ വണ്ടിച്ചാര്‍ജ് ഇനത്തില്‍ ഇവര്‍ വീട്ടുകാരില്‍ നിന്ന് അമിത വില ഈടാക്കുന്നുണ്ട്. റിഫൈനറികളില്‍ നിന്നും, വിതരണ കേന്ദ്രത്തില്‍ നിന്നുമുള്ള ദൂരത്തിനുസരിച്ച് വിവിധ പ്രദേശങ്ങളിലേക്ക് ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കുന്നതിന് അധികൃതര്‍ നിശ്ചിത ചാര്‍ജ് കണക്കാക്കിയിട്ടുണ്ടെങ്കിലും മുപ്പതു മുതല്‍ 100 രൂപ വരെ പലയിടങ്ങളിലും അമിതമായി ഈടാക്കുന്നുവെന്നാണ് പരാതി.
അതെ സമയം വീടുകളില്‍ വിതരണം ചെയ്യുന്ന സിലിണ്ടറുകള്‍ക്ക് ചില ഏജന്റുമാര്‍ ബില്ല് നല്‍കാറില്ല. പല വീടുകളിലും സ്ത്രീകളാണ് ഗ്യാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നടത്തുന്നത്. അത് കൊണ്ട് തന്നെ ബില്ലുകള്‍ ചോദിക്കുന്ന വീട്ടമ്മമാരോട് ഏജന്റുമാര്‍ പരുഷമായി പെരുമാറുന്നത് കാരണം പലരും ചോദിക്കുന്ന പണം കൊടുക്കാറാണ് പതിവ്. ചിലയിടങ്ങളില്‍ ഏജന്റുമാരും ഉപഭോക്താക്കളും തമ്മില്‍ ഇതേ ചൊല്ലി തര്‍ക്കങ്ങളും ഉടലെടുക്കാറുമുണ്ട്. ഓരോ ഏജന്റുമാരും ദിവസവും വന്‍ തുകയാണ് ഈ വിധത്തില്‍ സമ്പാദിക്കുന്നത്.
ഈയടുത്തായി സ്‌കൂളുകളിലെ ഉച്ചഭക്ഷണം പാചകം ചെയ്യുന്നതിന് ഗ്യാസ് അടുപ്പ് നിര്‍ബന്ധമാക്കിയിരുന്നു. സ്‌കൂളുകളില്‍ ഓരോ പ്രാവശ്യവും വാങ്ങിക്കുന്ന ഗ്യാസ് സിലിണ്ടറിന്റെ ബില്ല് നിര്‍ബന്ധമായും പ്രധാനധ്യാപകര്‍ക്ക് സൂക്ഷിക്കേണ്ടതുണ്ട്. എന്നാല്‍ ബില്ലിലുള്ള തുകയെക്കാള്‍ പത്തും ഇരുപതും രൂപ കൂടുതലാണ് ഏജന്റുമാര്‍ വാങ്ങിക്കുന്നത്.
എന്നാല്‍ ഈ തുക കൂടി ബില്ലില്‍ ഉള്‍പ്പെടുത്തി നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ മുടന്തന്‍ ന്യയങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറലാണ് പതിവ്. ഇത് കാരണം പല സ്‌കൂളിലും പ്രധാനധ്യാപകര്‍ ഇത്തരത്തില്‍ അധികം വാങ്ങുന്ന തുക കൈയില്‍ നിന്നും എടുക്കേണ്ടിയും വരുന്നുണ്ട്.
ഓരോ വിദ്യാലയത്തിലും കുട്ടികളുടെ എണ്ണത്തിനുസരിച്ച് മാസത്തില്‍ പത്തും അതില്‍ കൂടുതലും സിലിണ്ടറുകളാണ് വാങ്ങുന്നത്. ആദ്യമൊക്കെ ഡെലിവറി ചാര്‍ജ് എന്ന പേരില്‍ സിലിണ്ടര്‍ ഒന്നിന് 20 രൂപ വച്ച് ബില്ലില്‍ തന്നെ കാണിക്കാറുണ്ടായിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഡെലിവറി ചാര്‍ജ് ഈടാക്കരുതെന്ന നിര്‍ദ്ദേശം ലഭിച്ചതോടെ ഈ തുക പിന്നീട് ബില്ലില്‍ കാണിക്കാറില്ലെങ്കിലും അധികചാര്‍ജായി ഈടാക്കി വരികയാണ്. ഗ്യാസ് സിലിണ്ടര്‍ വിതരണത്തില്‍ ഏജന്റുമാര്‍ കാണിക്കുന്ന ഈ വ്യത്യസ്ത ചാര്‍ജുകള്‍ ഒഴിവാക്കാന്‍ ഏകീകൃതമായ നിയമം കൊണ്ടുവരണമെന്നാണ് ആയിരക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."