പേരാമ്പ്രയില്‍ മദ്യ, മയക്കുമരുന്ന് ലോബികള്‍ പിടിമുറുക്കുന്നു
പേരാമ്പ്ര: മദ്യ മയക്കുമരുന്ന് ലോബികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പേരാമ്പ്രയിലും പരിസരങ്ങളിലും വീണ്ടും പിടിമുറുക്കുന്നു.
ഇതരസംസ്ഥാന തൊഴിലാളികളെയും വിദ്യാര്‍ഥികളെയും ലക്ഷ്യമിട്ട് നിരോധിത മയക്കുമരുന്നുകളും നാടന്‍ ചാരായവുമുള്‍പ്പെടെ വില്‍പ്പന നടത്തുന്ന സംഘം മേഖലയില്‍ വ്യാപകമായിരിക്കുകയാണ്.
ജനങ്ങള്‍ കൂടുതല്‍ ഇടപഴകാത്ത പ്രദേശങ്ങളിലും നിലവില്‍ പ്രവര്‍ത്തിക്കാത്ത കെട്ടിടങ്ങളിലും അപരിചിതരായ നിരവധി പേര്‍ വന്നു പോകുന്നതായി നാട്ടുകാര്‍ പറയുന്നു. രാത്രി എട്ടിന് ശേഷവും യൂനിഫോം ധരിച്ച സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ പരിസരങ്ങളില്‍ പലപ്പോഴായി കാണാന്‍ തുടങ്ങിയതോടെയാണ് പരിസരവാസികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്.
ബസ്സ്റ്റാന്റ് പരിസരത്തെ പഞ്ചായത്ത് കെട്ടിടത്തിന് മുകളിലും ജൂബിലി റോഡിലും സുരഭി പരിസരത്തും കള്ളുഷാപ്പിനു സമീപവും പൈതോത്ത് റോഡ് പരിസരത്തും മത്സ്യ മാര്‍ക്കറ്റിനു സമീപത്തെ ഒഴിഞ്ഞ കെട്ടിടത്തിനു സമീപവും ചെമ്പ്ര റോഡിലെ പഴയ റെഗുലേറ്റഡ് മാര്‍ക്കറ്റിങ് കോംപ്ലക്‌സ് പരിസരത്തും ലോബികള്‍ പിടിമുറുക്കുകയാണ്.
ബീവറേജസ് കോര്‍പറേഷന്റെ താഴത്തെ നിലയില്‍ രാത്രി കാലങ്ങളില്‍ തമ്പടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരികയാണ്.
രാത്രികളില്‍ വൈകി പട്ടണത്തിലെ ഹോട്ടലുകളില്‍ നിന്നും കൂള്‍ബാറുകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നും മാലിന്യം എടുക്കാന്‍ മലയോര ഭാഗത്തെ പന്നിഫാമില്‍ നിന്നും വരുന്ന വാഹനങ്ങളില്‍ വ്യാജമദ്യങ്ങള്‍ സുലഭമായി എത്തിക്കുന്നതായ വിവരം എക്‌സൈസ് അധികൃതരെ പലപ്പോഴായി അറിയിച്ചിട്ടും ഗൗനിക്കാത്തത് ഇത്തരക്കാര്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കുകയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
അവശിഷ്ടങ്ങള്‍ ശേഖരിക്കുന്ന വീപ്പകളില്‍ പായ്ക്കറ്റുകളാക്കിയാണ് വ്യാജമദ്യം വരുന്നത്. ഏജന്റുമാര്‍ അവരുടെ പ്രത്യേക വാഹനത്തില്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് താവളത്തില്‍ എത്തിച്ചു കൊടുക്കുന്നതായാണ് വിവരം. ഇതിനിടെ മേഖലയില്‍ ഇത്തരക്കാരുടെ പിടിച്ചുപറിയും മോഷണവും പതിവായിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."