കാന്തപുരത്തെ തണ്ണീര്‍ത്തടം നികത്തല്‍: പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍
താമരശേരി: കാന്തപുരം ഭാഗത്ത് തണ്ണീര്‍ത്തടം നികത്താനുള്ള നീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രദേശവാസികള്‍. കാന്തപുരം ടൗണിനോട് ചേര്‍ന്നുള്ള വയലില്‍ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കുടിവെള്ള പദ്ധതിയുടെ കിണറിന് മുന്പിലായാണ് സ്വകാര്യവ്യക്തി കെട്ടിടം പണിയാനായി മണ്ണിടാന്‍ നീക്കം നടത്തുന്നത്. അന്‍പതോളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന കല്ലുവീട് കോലോപ്രംകണ്ടി കുടിവെള്ള പദ്ധതിയുടെ കിണറിന്റെയും പമ്പ് ഹൗസിന്റെയും മുന്വശത്താണിത്.
ഡാറ്റാബാങ്കില്‍പെട്ട തണ്ണീര്‍ത്തടമായതിനാല്‍ ഉണ്ണികുളം പഞ്ചായത്ത് പ്രാദേശിക നിരീക്ഷണ സമിതി മണ്ണിട്ടു നികത്താന്‍ അനുവാദം നല്‍കാതിരുന്നതിനെ തുടര്‍ന്ന് കലക്ടറേറ്റില്‍ നിന്ന് അനുമതി നേടിയാണ് ഇപ്പോള്‍ മണ്ണിടാന്‍ ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും പ്രദേശത്തെ കുടിവെള്ള സ്രോതസുകളുടെ നാശത്തിനും ഇടയാക്കുന്നു. പ്രസ്തുത സ്ഥലം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്, ബാലുശ്ശേരി സി.ഐ സുശീര്‍ എന്നിവര്‍ സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. ഫസല്‍ വാരിസ്, സുല്‍ഫിക്കര്‍ ഇബ്രാഹിം, അജിത്കുമാര്‍, പി.കെ ഹംസ, ഹിദായത്തുല്ല, നൗഫല്‍, ലത്തീഫ് പാലിയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."