ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജന് ക്ലീന്‍ചിറ്റ്; വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് ഡയറക്ടര്‍ക്കാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
വിജിലന്‍സ് ഡയറക്ടറുടെ പരിശോധനയ്ക്ക് ശേഷം റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ഖജനാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും അതിനാല്‍തന്നെ കേസുമായി മുന്നോട്ട് പോകുന്നതില്‍ അര്‍ഥമില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ജയരാജന്റെ ഭാര്യാസഹോദരിയും ലോക്‌സഭാംഗവും മുന്‍മന്ത്രിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എം.ഡിയായി നിയമിച്ചതാണു വിവാദത്തിനു വഴിവച്ചത്. കൂടുതല്‍ യോഗ്യതയുള്ള പലരും അപേക്ഷകരായി ഉണ്ടായിട്ടും സുധീര്‍നമ്പ്യാരെ നിയമിച്ചതില്‍ സ്വജനപക്ഷപാതവും അഴിമതിയുമുണ്ടെന്നായിരുന്നു ആരോപണം.
വിവാദമായതോടെ നിയമനം റദ്ദാക്കാന്‍ ജയരാജന്‍ നിര്‍ദേശം നല്‍കി. ഒക്ടോബര്‍ 13 നു നിയമനം റദ്ദാക്കി.
പരാതിയെ തുടര്‍ന്ന് ത്വരിതാന്വേഷണം നടത്തിയ വിജിലന്‍സ് പ്രഥമദൃഷ്ട്യാ കേസുണ്ടെന്നു കണ്ട് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടയില്‍ ജയരാജന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കുകയും ചെയ്തു.
സുധീര്‍ നമ്പ്യാരുടെ ഹരജിയില്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഈ ഹരജിയില്‍ വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ ജയരാജനടക്കമുള്ളവര്‍ ഒരു തരത്തിലുള്ള നേട്ടവും ഉണ്ടാക്കിയില്ലെന്നു പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."