നാദാപുരത്ത് സ്‌ഫോടനങ്ങള്‍ തുടര്‍ക്കഥ: ഇരകളാകുന്നവരില്‍ ഒന്നുമറിയാത്തവരും
നാദാപുരം: രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെ നിര്‍മിച്ച് സൂക്ഷിക്കുന്ന ബോംബുകള്‍ തൊഴിലാളികളടക്കമുള്ളവര്‍ക്ക് ഭീഷണിയാകുന്നു. പാര്‍ട്ടികളുടെ സുരക്ഷിത കേന്ദ്രങ്ങളില്‍ നിര്‍മിക്കുന്ന ബോംബുകള്‍ വിതരണത്തിനും ഉപയോഗത്തിനും ആളൊഴിഞ്ഞ പറമ്പിലും പൊത്തുകളിലുമാണ് പലപ്പോഴും സൂക്ഷിക്കാറുള്ളത്. ഇവ സൂക്ഷിച്ച വിവരം അറിയാതെ ജോലിക്കെത്തുന്ന തൊഴിലാളികളും സ്ഥലം ഉടമകളും അപകടത്തില്‍പ്പെടുന്നത് പതിവായിരിക്കുകയാണ്. ഇത്തരത്തില്‍ പറമ്പിലെ കയ്യാലക്കുള്ളില്‍ ഒളിപ്പിച്ചുവച്ച ബോംബാണ് ഇന്നലെ രാവിലെ പൊട്ടിത്തെറിച്ചത്.
സംഭവത്തില്‍ മതില്‍ നിര്‍മാണത്തിനെത്തിയ ബാലന് സാരമായി പരുക്കേറ്റു. കഴിഞ്ഞ വര്‍ഷം ഇതിനു തൊട്ടടുത്ത കിണമ്പറക്കുന്നില്‍ ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ പൊട്ടിത്തെറിയില്‍ സി.പി.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെടുകയും നാലു പേര്‍ക്ക് ഗുരുതരമായ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ നരിക്കാട്ടേരി, പയന്തോങ്, ചെക്യാട് അന്തേരി, തുടങ്ങിയ മലയോര മേഖലകളില്‍നിന്ന് നിരവധി തവണ ബോംബും ഇവയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.
അടുത്തിടെ എം.ഇ.ടി കോളജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ബോംബേറില്‍ പരുക്കേറ്റ രണ്ടുപേര്‍ ഇപ്പോഴും ചികിത്സയിലാണ്. മേഖലയില്‍ അടിക്കടിയുണ്ടാകുന്ന ബോംബ് സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരും പരുക്കേറ്റവരും നിരവധിയാണ്. എന്നാല്‍ ഇവയുടെ ഉറവിടം കണ്ടെത്താനോ, പ്രതികളെ പിടികൂടാനോ പൊലിസിന് കഴിഞ്ഞിട്ടില്ല. തുടക്കത്തില്‍ പ്രതിഷേധവുമായി ഇറങ്ങുന്ന രാഷ്ട്രീയ പാര്‍ട്ടി നേതൃത്വം ഒടുവില്‍ കേസുകള്‍ ഒതുക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്. ഇത്തരം സാഹചര്യം ഉപയോഗപ്പെടുത്തി പ്രമാദമായ പല ബോംബ് കേസുകളുടെയും അന്വേഷണം പൊലിസ് പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."